ശ്രീ പരമേശ്വരൻ പന്നിക്കുട്ടികളെ മന്ത്രിമാരാക്കിയ ലീലയാണ് ഇത്.
ഹാലാസ്യനാഥൻ സൂകരമാതാവിന്റെ രൂപത്തിൽ സ്തന്യം കൊടുത്തപ്പോൾ സൂകര ശിശുക്കൾ ധന്യരായി. അവർ വളർന്നു യുവാക്കളായി. ശാപഫലമായി മുഖം സൂകരരൂപത്തിലും ശരീരം മനുഷ്യരൂപത്തിലുമായിരുന്നു എന്ന് മാത്രം. അവർ സർവ്വ ശാസ്ത്രജ്ഞരും സന്മാർഗ നിഷ്ഠമായി ഒരു പർവ്വതത്തിലെ ഗുഹയിൽ വസിച്ചു. അത് കണ്ടപ്പോൾ മീനാക്ഷി ദേവി ഭഗവാനോട് ഇങ്ങനെ ചോദിച്ചു, ദുഷ്ടജന്തുക്കളെ കൊന്നൊടുക്കുവാൻ വേട്ടയാടുന്നത് രാജധർമം തന്നെയാണ്, യുദ്ധത്തിൽ രാജാവ് ഹനിച്ച പന്നി ശ്രേഷ്ഠന്റെ ശിശുക്കളെ രക്ഷിക്കുവാൻ ജന്തുക്കളിൽ താഴ്ന്ന ജീവിയായ പന്നിയുടെ രൂപം അങ്ങ് സ്വീകരിക്കുവാൻ എന്താണ് കാരണം.? അങ്ങ് സർവ്വദേവന്മാർക്കും ഈശ്വരനും, നിത്യനും, സർവ്വജ്ഞനും, ജന്മ മൃത്യുഹീനനും ആണല്ലോ.?
ദേവിയുടെ ഈ ചോദ്യം കേട്ടപ്പോൾ മഹേശ്വരൻ ഇങ്ങനെ പറഞ്ഞു സ്ഥാവരവും ജംഗമവുമായ രൂപങ്ങളുള്ള ഈ ലോകത്തിൽ ബ്രഹ്മാവ് മുതൽ ഉറുമ്പ് വരെയുള്ള ജീവികളിൽ ചിന്മയനായ ഞാൻ വ്യാപിച്ച് വാഴുന്നു. എല്ലാ ശരീരങ്ങളുടെയും ഉള്ളിൽ അവരുടെ ആത്മാവായി കർമ്മങ്ങൾ ചെയ്യിക്കുന്നത് ഞാനാണ്. ആകാശം പോലെ അനന്തമായ ഈ രോഗത്തെ പരിപാലിക്കുന്നതും ഞാനാണ്. മനുഷ്യർ സ്വന്തം അവയവങ്ങൾക്ക് തുല്യപ്രാധാന്യമാണല്ലോ നൽകുന്നത്. അതുപോലെ എല്ലാ ജീവികളിലും എനിക്ക് യാതൊരു വ്യത്യാസവുമില്ല. എല്ലാരും സ്വന്തം അവയവങ്ങളെ സ്നേഹിക്കുന്നതുപോലെ എല്ലാ ജീവികളെയും ഞാൻ സ്നേഹിക്കുന്നു. അതുകൊണ്ട് പന്നിയുടെ രൂപം സ്വീകരിച്ചു. അത് ഒരു കാരണം. മറ്റൊന്ന് ശൂദ്രക്കുട്ടികളെ ശപിച്ച മുനിവര്യൻ ശാപമോക്ഷം നൽകിയത് സുന്ദരേശ്വര ഭഗവാൻ സൂകരമാതാവിന്റെ രൂപത്തിൽ സ്തന്യം നൽകി രക്ഷിക്കുമെന്നാണ്. അത് സഫലമാകാൻ വേണ്ടിയും ഈ പന്നിയുടെ രൂപം സ്വീകരിച്ചു. ഇവരെ ഞാൻ പാണ്ഢ്യരാജാവിന്റെ മന്ത്രിമാരാക്കും. ഈ ലോക സുഖവും മോക്ഷവും അവർക്ക് നൽകും. സുന്ദരേശ്വര ഭഗവാന്റെ കാരുണ്യത്തെ ദേവി പ്രശംസിച്ചു.
മഹേശ്വരൻ പാണ്ഡ്യരാജാവായ രാജരാജന് സ്വപ്നദർശനം നൽകിക്കൊണ്ട് ഇങ്ങനെ അരുളി. പണ്ട് നീ നായാട്ടിന് പോയപ്പോൾ ഒരു സൂകര നേതാവിനെ വധിച്ചു. പതിയോടൊപ്പം പത്നിയും ശരീരം ഉപേക്ഷിച്ചതിന്റെ ഫലമായി അവരുടെ 12 ശിശുക്കൾ അനാഥരായി. അവർക്ക് സ്തന്യം നൽകി ഞാൻ പരിപാലിച്ചു. മുഖം പന്നിയുടെ രൂപത്തിലും ശരീരം മനുഷ്യരൂപത്തിലും നൽകി. അവർക്ക് അതുല്യമായ ബലവും ജ്ഞാനവും ഉണ്ട്. അവർ സൂകരപർവതത്തിന്റെ ഗുഹയിൽ വസിക്കുന്നു. അവരെ ഉടൻ വരുത്തി മന്ത്രിമാരാക്കണം. അവരോടൊപ്പം അനേകകാലം രാജ്യം ഭരിക്കുക. ഇത്രയും കാര്യങ്ങൾ അറിയിച്ചതിനുശേഷം സ്വപ്നത്തിൽ കൂടി പ്രത്യക്ഷപ്പെട്ട ഭഗവാൻ അപ്രത്യക്ഷനായി.
പാണ്ഡ്യരാജാവ് മന്ത്രിമാരോട് ഈ കാര്യം പറഞ്ഞു. സൂകരപർവതത്തിൽ വസിക്കുന്ന കുട്ടികളെ കൊണ്ടുവന്ന് മന്ത്രിമാരാക്കി.സൂകര മുഖവും മനുഷ്യശരീരവുമുള്ള അവരെ കണ്ടപ്പോൾ എല്ലാവരും സുന്ദരേശ ഭഗവാനെ സ്തുതിച്ചു. 12 പേരും രാജാവിന് നന്മകൾ നൽകി സേവിച്ചു. അവർക്ക് വസിക്കുവാൻ നല്ല ഭവനങ്ങൾ രാജാവ് നൽകി. മറ്റു മന്ത്രിമാരുടെ പുത്രിമാരെ പരിണയിക്കുവാനും അവർക്ക് സാധിച്ചു. നിത്യകർമ്മങ്ങൾ ചെയ്ത് ജീവിതം നയിച്ച ശൂദ്ര പുത്രന്മാർക്ക് ഭഗവാന്റെ അനുഗ്രഹത്താൽ അടുത്ത ജന്മത്തിൽ കൂടി ശിവലോകം പ്രാപിക്കുവാൻ കഴിഞ്ഞു. വളരെ കാലം രാജ്യം ഭംഗിയായി പരിപാലിച്ച രാജാവ് ശിവലോകം പ്രാപിച്ചപ്പോൾ പുത്രനായ സുഗുണൻ രാജ്യപരിപാലനം നിർവഹിച്ചു.
എല്ലാവിധത്തിലുള്ള ഐശ്വര്യവും പ്രദാനം ചെയ്യുന്നതാണ് ഈ ലീലയുടെ ശ്രവണവും പാരായണവും.
അടുത്തഹാലാസ്യ മാഹാത്മ്യം 47 – മൃത്യുഞ്ജയ മന്ത്രോപദേശം..
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















