ലണ്ടൻ: സ്‌കൂളുകളിൽ കുട്ടികൾക്കിടയിലുള്ള മൊബൈൽഫോൺ ഉപയോഗം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലിരുന്ന് അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുറയ്‌ക്കുന്നതിനായി സ്‌കൂളുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി.
” സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലുള്ള ഫോൺ ഉപയോഗം വളരെയധികം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ക്ലാസ് മുറികളിൽ ഇരുന്നുള്ള വിദ്യാർത്ഥികളുടെ മൊബൈൽഫോൺ ഉപയോഗം അവരെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കുന്നു. ചില സ്‌കൂളുകൾ ഇതിനോടകം തന്നെ മൊബൈൽ ഫോണുകൾ നിർത്തലാക്കിയിട്ടുണ്ട്. മറ്റു സ്‌കൂളുകളും വിദ്യാർത്ഥികൾ മൊബൈൽഫോൺ കൊണ്ടു വരുന്നത് നിർത്തലാക്കേണ്ടതുണ്ട്. ഇതുമായി സംബന്ധിച്ച പുതിയ മാർഗ രേഖകൾ സ്‌കൂളുകൾക്ക് നൽകും.”- ഋഷി സുനക് പറഞ്ഞു.
സ്‌കൂൾ കുട്ടികൾക്കിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം എങ്ങനെ ഇവരുടെ ശ്രദ്ധ തിരിക്കുന്നുവെന്നതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ ഫോൺ കോളുകളും മെസേജുകളും വന്ന് നമ്മുടെ ശ്രദ്ധ എങ്ങനെ തിരിക്കുന്നു എന്നു സ്വയം ചിത്രീകരിച്ച വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.
We know how distracting mobile phones are in the classroom.
Today we help schools put an end to this. pic.twitter.com/ulV23CIbNe
— Rishi Sunak (@RishiSunak) February 19, 2024
യുകെയിലെ കണക്കുകൾ പ്രകാരം 12 വയസിന് മുകളിൽ പ്രായം വരുന്ന 97 ശതമാനം വിദ്യാർത്ഥികൾക്കും മൊബൈൽഫോണുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ആവശ്യമാണ്. എന്നാൽ പഠനത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള മൊബൈൽഫോൺ ഉപയോഗം ആവശ്യമില്ല. ഇന്ന് ഏവരും ഡിജിറ്റൽ ലോകത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എന്നാൽ ഇത് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും ഋഷി സുനക് പറഞ്ഞു.















