അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും പ്രധാനവേഷങ്ങളിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പ്രൊഡക്ഷൻ നമ്പർ 14 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ മനോജ് പാലോടനാണ് സംവിധാനം ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കൃഷ്ണാ പൂജപ്പുര തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ്.
ഹ്യൂമറിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രത്തിൽ ഷീലു എബ്രഹാമും ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുള്ള രസകരമായ സംഭവങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അസീസ് നെടുമങ്ങാട്, ജോണി ആന്റണി, സെന്തിൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ബി.കെ ഹരി നാരായണന്റെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഛായാഗ്രഹണം മഹാദേവൻ തമ്പി, എഡിറ്റർ- സിയാൻ ശ്രീകാന്ത്, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ.