ന്യൂഡൽഹി: ഇന്ത്യയുടെയും അമേരിക്കയുടെയും നയതന്ത്രബന്ധത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗ്രാസറ്റി. ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെയുള്ള വികസനം ലോകത്തിന് മാതൃകയാണെന്നും സമാധാനപരമായി പ്രതിസന്ധികൾ തരണം ചെയ്യാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ പുരാണ ഗ്രന്ഥങ്ങളിലെ യുദ്ധങ്ങളെ കുറിച്ചും പരാമർശിച്ച അദ്ദേഹം ഇന്ത്യയും അമേരിക്കയും ഒരിക്കലും യുദ്ധം ലക്ഷ്യമിടുന്നില്ലെന്നും പരസ്പര ധാരണയോടെ മുന്നേറുമെന്നും വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദൃഢതയേറിയതും ആഴമേറിയതുമായ ബന്ധമാണ്. ഞങ്ങൾ പരസ്പരം മനസിലാക്കി പ്രവർത്തിക്കുന്നു. കേവലം ഇന്ത്യയും യുഎസും എന്നതിലുപരി എത്രയോ ആഴത്തിലാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദം. വികസനത്തിന് മുൻഗണന നൽകിക്കൊണ്ടാണ് ഇരു രാജ്യങ്ങളും മുന്നേറുന്നത്. അതിനാൽ തന്നെ യുദ്ധമല്ല ഞങ്ങളുടെ ലക്ഷ്യം. ഇന്ന് പഠിപ്പിക്കുന്നതിൽ പല ഗ്രന്ഥങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ കണ്ടെത്തിയവയാണ്. അനിവാര്യഘട്ടങ്ങൾ വരുമ്പോൾ മാത്രമാണ് ഈ ഗ്രന്ഥങ്ങളിൽ യുദ്ധത്തെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. രാജ്യങ്ങളുടെ ആവശ്യങ്ങൾ പരസ്പരം മനസിലാക്കി പ്രവൃത്തിക്കുന്നത് യുദ്ധത്തെ അകറ്റി നിർത്താൻ സാധിക്കും.”- എറിക് ഗ്രാസറ്റി പറഞ്ഞു.
ഋഗ്വേദത്തിൽ ഇന്ദ്രൻ ആണ് ഏറ്റവും ശക്തനായ ദൈവം. ഇടിമുഴക്കത്തിന്റെ ദേവനാണ് അദ്ദഹം. ഇന്ദ്രന്റെ ശക്തി ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. അതു പോലെ തന്നെ ഇന്ത്യ-യുഎസ് ബന്ധം ശക്തമാണെന്നും എറിക് ഗ്രാസറ്റി വ്യക്തമാക്കി. മഹാഭാരതത്തെയും അർത്ഥശാസ്ത്രത്തെയും അദ്ദേഹം പരാമർശിച്ചു. വരും വർഷങ്ങളിലും ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് ഇന്ത്യ-യുഎസ് നയബന്ധത്തിന്റെ ദൃഢത തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.