തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ. ആകെ 2,971 പരീക്ഷാ കേന്ദ്രങ്ങളാകും ഉണ്ടാകുക. പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിൽ നടക്കും. പ്ലസ് വണ്ണിൽ 4,15,044 വിദ്യാർത്ഥികളും പ്ലസ്ടുവിൽ 4,44,097 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുവാനുള്ളത്.
വിഎച്ച്എസ്സിയിൽ 389 കേന്ദ്രങ്ങളിലാകും പരീക്ഷ നടക്കുക. ഒന്നാം വർഷ വിദ്യാർത്ഥികളായ 27,770 കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളായ 29,337 പേരും പരീക്ഷയെഴുതും. എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിച്ച് 25-ന് അവസാനിക്കും. മാർച്ച് ഒന്ന് മുതൽ 26 വരെയാണ് ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുക.
അതേസമയം 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള ചോദ്യപ്പേപ്പറുകൾക്ക് മാർച്ച് 25 വരെ പോലീസ് സംരക്ഷണം നൽകും. ഓരോ ദിവസത്തെയും ഉത്തരക്കടലാസ് കെട്ടുകൾ അന്ന് തന്നെ പോസ്റ്റോഫീസുകളിൽ എത്തിക്കണം.