തെന്നിന്ത്യ സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ സൂര്യയുടെ ഡബ്ബിംഗ് ആരംഭിച്ചെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഒപ്പം ഡബ്ബിംഗിനിടെയുള്ള സൂര്യയുടെ ചിത്രങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
‘ തീയേറ്ററുകളെ വിറപ്പിക്കുന്ന പ്രകടനമായിരിക്കും സൂര്യ കാഴ്ചവച്ചുക. ഇപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം നമ്മളെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കങ്കുവയിലെ സൂര്യയുടെ ഡബ്ബിംഗ് ആരംഭിച്ചു’. ചിത്രം പങ്കുവച്ച് നിർമ്മാതാക്കൾ കുറിച്ചു. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്നാണ് നിർമ്മിക്കുന്നത്.
ബോളിവുഡ് താരം ദീക്ഷാ പഠാനി നായികയാകുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. ഒന്നരവർഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്.
ഈ വർഷം പകുതിയോടെ കങ്കുവ തിയേറ്ററിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഒരു പാൻ ഇന്ത്യൻ സിനിമയാണ് കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും കങ്കുവ. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്.