മോഡൽ താനിയ സിംഗിന്റെ മരണത്തിൽ ഐപിഎൽ താരമായ അഭിഷേക് ശർമ്മയ്‌ക്ക് നോട്ടീസ് നൽകി പോലീസ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് അഭിഷേക്. അദ്ദേഹത്തിനായിരുന്നു താനിയ സിംഗിന്റെ അവസാനത്തെ ഫോൺകോൾ. സൂറത്തിലെ ഹാപ്പി എലഗൻസ് അപ്പാർട്ട്മെന്റിലായിരുന്നു താനിയ താമസിച്ചിരുന്നത്.
രണ്ടുവർഷമായി മോഡലിംഗിലും ഫാഷൻ ഡിസൈനിംഗിലും സജീവമായിരുന്നു. ഫെബ്രുവരി 20നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അവർ അഭിഷേക് ശർമ്മയ്‌ക്കാണ് അവസാനമായി സന്ദേശം അയച്ചിരിക്കുന്നതും കോൾ ചെയ്തിരിക്കുന്നതുമെന്നും ഫോൺ പരിശോധിച്ച പോലീസ് അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ താനിയ മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് ക്രിക്കറ്റർക്ക് സന്ദേശമയക്കുന്നത്. എന്നാൽ ഇതിന് മറുപടിയുണ്ടായിരുന്നില്ല. അപ്പാർമെന്റിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. ഇവർ ഒരുമിച്ചുള്ള ഫോട്ടോസും സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിട്ടുണ്ട്. ഇതല്ലൊം പരിശോധിച്ച പോലീസ് ക്രിക്കറ്ററെ ഉടൻ ചോദ്യം ചെയ്യും. ഐപിഎല്ലിൽ 47 മത്സരങ്ങൾ കളിച്ചിട്ടുള്ള ഓൾ റൗണ്ടർ 893 റൺസ് നേടിയിട്ടുണ്ട്. നാലു അർദ്ധശതകത്തിനൊപ്പം 9 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2022ലാണ് താരം ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. 14 മത്സരങ്ങളിൽ നിന്ന് 426 റൺസ് സ്കോർ ചെയ്തു.
















