കൊൽക്കത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സന്ദേശ്ഖാലിയിലെ സ്ത്രീകൾ. ഷാജഹാൻ ഷെയ്ഖിന്റെ അടുത്ത അനുയായികളായ സിബു ഹസ്രയും ഉത്തം സർദാറും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവർക്ക് ജാമ്യം ലഭിക്കുമെന്ന് ഭയക്കുന്നുണ്ടെന്നും, ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലാകാത്ത കാലത്തോളം സമാധാനമായി ജീവിക്കാമെന്ന് കരുതുന്നില്ലെന്നും പ്രദേശവാസിയായ യുവതി ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു.
ലൈംഗികാതിക്രമവും ഭൂമി കയേറ്റവും ആരോപിച്ചാണ് ഷാജഹാൻ ഷെയ്ഖിനെതിരെയും അനുയായികൾക്കെതിരെയും പ്രദേശത്തെ സ്ത്രീകൾ ഒന്നാകെ രംഗത്തെത്തിയിരിക്കുന്നത്. ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തിടത്തോളം കാലത്തോളം തങ്ങൾ രാത്രിയിൽ ഭയപ്പെട്ടാണ് വീടുകളിൽ കഴിയുന്നതെന്നും ഈ യുവതി പറയുന്നു. നിലവിൽ അറസ്റ്റിലായിരിക്കുന്ന ഷിബു ഹസ്രയിൽ നിന്നുൾപ്പെടെ പലപ്പോഴും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും ഇവർ ആരോപിച്ചു.
” അറസ്റ്റിലാകുന്നതിന് മുൻപ് വരെ ഷിബു ഹസ്രയിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. അയാൾ പലപ്പോഴും അശ്ലീലച്ചുവയോടെയാണ് സംസാരിച്ചിരുന്നത്. ഇനി എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ആശങ്കയുണ്ട്. അയാളുടെ അനുയായികൾ ഞങ്ങൾ എല്ലാവരേയും ഭീഷണിപ്പെടുത്തുന്നുണ്ട്. ഒരിക്കൽ ഷിബു ഹസ്ര നേരിട്ട് വന്നു. പണം നൽകി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് അയാൾ ശ്രമിച്ചതെന്നും” ഇവർ പറയുന്നു.
കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഷിബു ഹസ്രയ്‌ക്കും ഉത്തം സർദാറിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ വിട്ടയച്ചാൽ തങ്ങളുടെ അവസ്ഥ എന്താകുമെന്ന് ആലോചിച്ച് ഭയമുണ്ടെന്നും സന്ദേശ്ഖാലിയിലെ സ്ത്രീകൾ പറയുന്നു. ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളും ഇവരിൽ പലരുടേയും വീടുകൾക്ക് മുന്നിലായി പതിച്ചിട്ടുണ്ട്. റേഷൻകുംഭകോണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.















