ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷം തടവുശിക്ഷ. സ്പാനിഷ് കോടതിയാണ് ബലാത്സംഗ കേസിൽ താരത്തിന് തടവുശിക്ഷ വിധിച്ചത്. ബാഴ്‌സലോണയിലെ നിശാ ക്ലബ്ബിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. തടവുശിക്ഷയ്‌ക്ക് പുറമെ ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്.
താരത്തിനെതിരെ ബലാത്സംഗ കുറ്റം തെളിഞ്ഞതായും മറ്റ് തെളിവുകളിൽ താരത്തിന്റെ പങ്ക് വ്യക്തമാകുന്നതായും കോടതി വിധി ന്യായത്തിൽ പറയുന്നു. ഉഭയ സമ്മത പ്രകാരമാണ് യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് വിചാരണാ സമയത്തെല്ലാം ആൽവസ് ആവർത്തിച്ചിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യം തെളിയിക്കാൻ താരത്തിനായില്ല.
2022 ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം. ആൽവസും സുഹൃത്തും ബാഴ്‌സലോണയിലെ സട്ടൺ നിശാ ക്ലബ് സന്ദർശിച്ചു. ആ ദിവസം ആൽവസ് തന്നെ ഒരു സ്വകാര്യ സ്യൂട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 23കാരിയാണ് പരാതി നൽകിയത്. ബലാത്സംഗ പരാതി ഉയർന്നതിന് പിന്നാലെ ആൽവസുമായുള്ള കരാർ മെക്‌സിക്കൻ ക്ലബ്ബായ പ്യൂമാസ് റദ്ദാക്കിയിരുന്നു.















