ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് ഇരുവരെയും പുറത്താക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താക്കീത് നൽകിയിട്ടും ഇരുവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ്.
രഞ്ജി ട്രോഫിയിൽ ശ്രേയസ് അയ്യർ മുംബൈയുടെയും ഇഷാൻ കിഷൻ ത്സാർഖണ്ഡിന്റെയും ഭാഗമാണ്.
സെൻട്രൽ കോൺട്രാക്ടിലുള്ള താരങ്ങളുടെ പുതിയ പട്ടികയ്‌ക്ക് ടീം സെലക്ടർമാർ അംഗീകാരം നൽകിയിട്ടുണ്ട്. ഈ പട്ടിക ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് നടുവേദനയെ തുടർന്നാണ് ശ്രേയസ് അയ്യർ പുറത്തായത്. എന്നാൽ താരം ഫിറ്റ്‌നെസ് ടെസ്റ്റിൽ വിജയിച്ചിരുന്നെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐക്ക് റിപ്പോർട്ട് നൽകിയിരുന്നു. നടുവേദനയെന്ന കാരണം പറഞ്ഞ് രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടി കളിക്കാൻ ശ്രേയസ് അയ്യർ തയ്യാറായിരുന്നില്ല. മാനസിക സമ്മർദ്ദത്തിലെന്ന പേരും പറഞ്ഞാണ് ഇഷാൻ കിഷൻ ടീമിനു പുറത്തുപോയത്. ഇന്ത്യയിലെത്തിയ താരം രഞ്ജി ട്രോഫിയിലും കളിക്കാൻ തയാറായില്ല.
ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ താരങ്ങൾ ഐപിഎല്ലിനുള്ള പരിശീലനം ആരംഭിച്ചതോടെയാണ് ബിസിസിഐ വിഷയത്തിൽ ഇടപെട്ടത്. ഇതോടെ കരാറുള്ള താരങ്ങൾ രഞ്ജി ട്രോഫി കളിക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. പിന്നാലെ താരങ്ങൾക്ക് ഇതു സംബന്ധിച്ച് നിർദ്ദേശവും നൽകി. എന്നിട്ടും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇരുവരും കൂട്ടാക്കിയില്ല.