സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ശനിദശ ഒഴിയുന്നില്ല. നിർണായക മത്സരത്തിൽ മേഘാലയോടും സമനില വഴങ്ങിയതോടെ കേരളത്തിന്റെ നില കൂടുതൽ പരുങ്ങലിലായി. ഫൈനൽ റൗണ്ടിലെ കേരളത്തിന്റെ മൂന്നാം മത്സരമായിരുന്നു ഇന്നത്തേത്. നാലാം മിനുട്ടിൽ നരേഷാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.എന്നാൽ ഇതിന് അധികം ആയുസുണ്ടായിരുന്നില്ല. ലീഡ് വർദ്ധിപ്പിക്കാൻ തക്കവണ്ണമുള്ള നീക്കങ്ങൾ കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. 76-ാം മിനുട്ടിൽ പെനാൽറ്റി വഴങ്ങിയതോടെ കേരളം ആകെയുണ്ടായിരുന്ന ലീഡും തുലച്ചു.
ഷീൻ സ്റ്റീവൻസനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അസ്ഹറാണ് വലയിലെത്തിച്ചത്. റീബൗണ്ട് പന്താണ് കേരളത്തിന്റെ നെഞ്ചുകീറി വലകുലുക്കിയത്. ഇതോടെ മത്സരം 1-1 സമനിലയിൽ പിരിയുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഗോവയോട് തോറ്റ കേരളത്തിന് മൂന്ന് മത്സരത്തിൽ നിന്ന് നാലു പോയിന്റുകൾ മാത്രമേയുള്ളൂ. അരുണാചലുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇതിൽ വലിയ മാർജിനിൽ തന്നെ കേരളം ജയിക്കേണ്ടിവരും.















