ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ നേട്ടങ്ങളുടെ കൊടുമുടിയിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് സ്വന്തം മണ്ണിൽ 350 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം അശ്വിനെ തേടിയെത്തിയത്. ഇംഗ്ലണ്ട് താരം ഒലീ പോപ്പിന്റെ വിക്കറ്റ് നേടിയതോടെയാണ് താരം 350 വിക്കറ്റുകളെന്ന നേട്ടം കൈവരിച്ചത്. റാഞ്ചി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ അഞ്ചു വിക്കറ്റുകൾ വീഴ്‌ത്തിയ താരം 352 വിക്കറ്റുകളാണ് 59 മത്സരങ്ങളിൽ നിന്ന് സ്വന്തം നാട്ടിൽ ഇതുവരെ നേടിയത്. 350 വിക്കറ്റുകൾ നേടിയ അനിൽ കുബ്ലെയുടെ റെക്കോർഡും ഇതോടെ താരം മറികടന്നു.
ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തം മണ്ണിൽ വീഴ്‌ത്തിയ താരങ്ങൾ
രവിചന്ദ്രൻ അശ്വിൻ – 352*
അനിൽ കുംബ്ലെ – 350
ഹർഭജൻ സിംഗ് – 265
കപിൽ ദേവ് – 219
രവീന്ദ്ര ജഡേജ 206*
റാഞ്ചി ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനെതിരായ തന്റെ 100-ാം ടെസ്റ്റ് വിക്കറ്റും അശ്വിൻ സ്വന്തമാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് താരം. രാജ്‌കോട്ട് ടെസ്റ്റിൽ 500 ടെസ്റ്റ് വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.