മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കൊടൈക്കനാലിലെ ഗുണാകേവിൽ അകപ്പെട്ട സുഹൃത്തിനെ സകല ധൈര്യവും പകർന്ന് രക്ഷപ്പെടുത്തിയ സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്.
ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും വൻവിജയമായി മാറിയിരിക്കുകയാണ്. ഇതിന്റെ പ്രധാനകാരണം ചിത്രത്തിന്റെ ടൈറ്റിൽ സോംഗിലും പ്രധാനപ്പെട്ട ചില ഇടങ്ങളിലും കമലഹാസൻ ചിത്രം ഗുണയിലെ പാട്ട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ്. പ്രേമത്തിന് ശേഷം തമിഴ്നാട്ടില്‍ വലിയ പ്രതികരണം ഉണ്ടാക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി പോലുള്ള സ്ഥലങ്ങളിലെ മെയിന്‍ സെന്‍ററുകളില്‍ മഞ്ഞുമ്മൽ ബോയ്സിന്റെ ഷോകൾ വർദ്ധിപ്പിച്ചതായാണ് പറയുന്നത്.
ചിദംബരത്തിന്റെ സംവിധാനത്തിൽ ഫെബ്രുവരി 22-ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിൽ നിന്നും വിനോദയാത്രക്കായി കൊടൈക്കനാലിൽ എത്തുന്ന ഒരു സംഘം യുവാക്കളെ ചുറ്റിപ്പറ്റി അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. മഞ്ഞുമ്മൽ ബോയ്‌സിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. സംഗീതം ഒരുക്കുന്നത് സുശിൻ ശ്യാമാണ്.