ഒരു ഘട്ടത്തിൽ ഇംഗ്ലീഷ് ഭീഷണിക്ക് മുന്നിൽ കീഴടങ്ങുമെന്ന് തോന്നിച്ചെങ്കിലും യുവനിരയുടെ കരുത്തിൽ വിജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. റാഞ്ചി ടെസ്റ്റിൽ അഞ്ചു വിക്കറ്റിനായിരുന്നു വിജയം. 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഒരു മത്സരം ശേഷിക്കേ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി. വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനും ഇന്ത്യക്കായി. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 17-ാം പരമ്പര വിജയമാണിത്.
ഒരുവേള അഞ്ചിന് 120 റണ്‍സ് എന്ന നിലയില്‍ തോൽവി മുന്നിൽ കണ്ട ഇന്ത്യയെ ക്ഷമയോടെ നയിച്ച ഗിൽ-ജുറേൽ സഖ്യമാണ് നിർണായക വിജയത്തിലേക്ക് അടുപ്പിച്ചത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 62 റൺസ് പാർടണർഷിപ്പ് ക്രിക്കറ്റിലെ ചെറുത്തുനിൽപ്പിന് ഉദാഹരണവുമായി.81 പന്തിൽ 55 റൺസെടുത്ത രോഹിത്താണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.
52 റൺസുമായി ഗില്ലും 37 റണ്‍സുമായി ജുറേലും പുറത്താകാതെ നിന്നു. ആദ്യ വിക്കറ്റിൽ രോഹിത്- ജയ്സ്വാൾ സഖ്യം 84 റൺസ് ചേർത്ത് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ മദ്ധ്യനിരയിൽ രജത് പട്ടീദാര്‍ (0), രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (0) എന്നിവർ തിളങ്ങാതിരുന്നതോടെയാണ് ഇന്ത്യ ആശങ്കയിലായത്. പിന്നീട് ക്രീസിൽ ഒരുമിച്ച ജുറേൽ-ഗിൽ ജോഡി ഇന്ത്യക്ക് പ്രതീക്ഷ നൽകി ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്ന് വിക്കറ്റെടുത്തു. ടോം ഹാര്‍ട്ലിയും ജോറൂട്ടും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 145 റൺസിൽ അവസാനിച്ചിരുന്നു. അഞ്ചു വിക്കറ്റെടുത്ത അശ്വിനും നാലുവിക്കറ്റെടുത്ത കുൽദീപും ചേർന്നാണ് ബാസ്ബോളിന്റെ നട്ടെല്ലൊടിച്ചത്.