ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാറാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ മണിയുടെ കുടുംബത്തിലെ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശിയായ എസക്കി രാജ, ഭാര്യ റെജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
ഓട്ടോയിൽ പോകുന്നതിനിടെ കാട്ടാന ഓടി വരികയും ഇവരെ ആക്രമിക്കുകയുമായിരുന്നു. ആനയുടെ ചവിട്ടേറ്റ സുരേഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മകൾ പ്രിയ തലനാരിഴയ്‌ക്ക് പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.















