ബെംഗളൂരു : യുഎപിഎ ചുമത്തിയതിനെതിരെ ഐഎസ് ഭീകരൻ അബ്ദുൾ റഹ്മാൻ നൽകിയ അപ്പീൽ തള്ളി കർണാടക ഹൈക്കോടതി . നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള റഹ്മാൻ ജാമ്യം നിഷേധിച്ച പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഐപിസി സെക്ഷൻ 120 ബി, 121, 121 എ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 18, 20, 38 എന്നിവ ചുമത്തപ്പെട്ടതിനെയും അബ്ദുൾ റഹ്മാൻ ചോദ്യം ചെയ്തിരുന്നു.
എന്നാൽ ജസ്റ്റിസുമാരായ ശ്രീനിവാസ് ഹരീഷ് കുമാർ, വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളി . “ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടനയെ അനുസരിക്കാനും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കാനും ആർട്ടിക്കിൾ 51 (എ) (എ) പ്രകാരം ബാധ്യസ്ഥരാണ്. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഓരോ പൗരനോടും ക്ലോസ് (സി) കൽപ്പിക്കുന്നു. ഇത് ഓരോ പൗരന്റെയും അടിസ്ഥാന കടമകളാണ്.
ഇന്ത്യൻ പൗരനെന്ന നിലയിൽ അപേക്ഷകൻ തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ ബാധ്യസ്ഥനാണ്, പകരം ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുന്ന ഒരു സംഘടനയിൽ അംഗമാകുകയും ഭരണഘടനാപരമായ ഉത്തരവുകൾ ലംഘിക്കുകയും ചെയ്യുന്നുവെങ്കിൽ, അത് തെറ്റാണെന്നും പ്രതിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ട് കോടതി വിധിച്ചു
“കുറ്റപത്രത്തിലെ ആരോപണങ്ങൾ സാങ്കൽപ്പികമാണെന്ന് തോന്നുന്നില്ല,കോടതിക്ക് മുമ്പാകെ ഹാജരാക്കുന്ന വസ്തുക്കൾ പ്രഥമദൃഷ്ട്യാ നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ഭീഷണിയായി കാണിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുമ്പോൾ ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കാനാവില്ല, പകരം രാജ്യത്തെയും സമൂഹത്തെയും സംരക്ഷിക്കേണ്ടത് ഭരണഘടനാ കോടതികളുടെ കടമയാണ് “ – കോടതി വ്യക്തമാക്കി.
.2023 ജനുവരി 11 നാണ് ദേശീയ അന്വേഷണ ഏജൻസി ശിവമോഗ ഐഎസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് അബ്ദുൾ റഹ്മാനെയും , നദീം അഹമ്മദ് കെ എയെയും അറസ്റ്റ് ചെയ്തത് .