മൃത്യുഞ്ജയനായ സുന്ദരേശ്വര ഭഗവാൻ ഖഞ്ജരീടൻ എന്ന പക്ഷിക്ക് മൃത്യുഞ്ജയ മന്ത്രം ഉപദേശിച്ച ലീലയാണ് ഇത്. (ഖഞ്ജരീടൻ മുടന്തി നടക്കുന്ന കറുത്ത കുരികിൽ പക്ഷി)
ബലം ഉണ്ടെന്ന് അഹങ്കരിച്ച ഏതാനും കാക്കകൾ ഖഞ്ജരീടൻ എന്ന വിഭാഗത്തിൽപ്പെട്ട പക്ഷികളെ പതിവായി കൊത്തി വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് അവ ഭയന്ന് വൃക്ഷങ്ങളുടെ പൊത്തിനുള്ളിൽ അഭയം പ്രാപിച്ചു. പൂർവ്വജന്മ സുകൃതം കൊണ്ട് ആ പക്ഷികളിൽ ഒരുപക്ഷിക്ക് ചിന്തിക്കാനുള്ള ശക്തി ലഭിച്ചു. അതിനാൽ ആ പക്ഷി ഇങ്ങനെ ചിന്തിച്ചു..
“എല്ലാവർക്കും ശത്രുക്കൾ ഉണ്ടാകും, ചിലർ തങ്ങളെ ഉപദ്രവിക്കുന്നവരെ മാത്രം ഉപദ്രവിക്കുന്നു, കാരണം കൂടാതെ ഉപദ്രവിക്കുന്ന ചില ശത്രുക്കളുണ്ട്. എനിക്കും എന്റെ വംശക്കാർക്കും ആ ഉപദ്രവമാണ് നേരിട്ടിരിക്കുന്നത്. ഈ പീഡനം നേരിടുവാൻ ഈശ്വരാനുഗ്രഹം ആവശ്യമാണ്. ശ്രീ പരമേശ്വരന്റെ അനുഗ്രഹത്താൽ ഞാൻ കാക്കകളെ കൊല്ലും.”
പൂർവ്വ പുണ്യപ്രഭാവത്താൽ ഖഞ്ജരീടന് ഇങ്ങനെ ഉൾപ്രേരണ ഉണ്ടായി. അപ്പോൾ ആ പക്ഷി ഒരു മഹർഷി തീർത്ഥസ്നാനത്തിനു പോകുന്നത് കണ്ടു. അദ്ദേഹം പറയുന്ന വാക്കുകൾ പക്ഷി ശ്രദ്ധിച്ചു. ശിവലീലയാണ് ആ പക്ഷിയെ അത് ശ്രദ്ധിക്കുവാൻ ഇടയാക്കിയത്.
“ആധിയും വ്യാധിയും രോഗവും അപമൃത്യുവും ഇല്ലാതെയാകുവാൻ ശ്രീ പരമേശ്വരനെ ആശ്രയിക്കണം. ഭഗവാന്റെ ക്ഷേത്രങ്ങൾ അനേകം ഉണ്ടെങ്കിലും ഹാലാസ്യം എന്ന ക്ഷേത്രം വളരെ ഉത്തമമാണ്. അവിടെയുള്ള ശിവഭഗവാൻ ആശ്രയിക്കുന്നവരെ അനുഗ്രഹിക്കുന്നു. തീർത്ഥങ്ങളിൽ ശ്രേഷ്ഠം ഹേമ പത്മിനി എന്ന തീർത്ഥമാണ്. അത് സർവ്വപാപങ്ങളെയും ഹനിക്കുന്നു. ലിംഗങ്ങളിൽ വച്ച് ഉത്തമം സോമസുന്ദര ലിംഗമാണ്. ആ ലിംഗദർശനം അത്യുത്തമവും സർവ്വ സുഖപ്രദവും ആണ്. ധർമ്മവും അർത്ഥവും (അർത്ഥം = ധനം) കാമവും മോക്ഷവും പ്രദാനം ചെയ്യുന്ന വിശ്വനാഥൻ ശത്രുക്കളെ നശിപ്പിക്കുകയും ആശ്രിതരെ രക്ഷിക്കുകയും ചെയ്യുന്നു.”
ഇത്രയും കാര്യങ്ങൾ മുനിയിൽ നിന്ന് കേൾക്കുവാൻ ഇടയായ ഖഞ്ജരീടപ്പക്ഷി ഹാലാസ്യത്തിൽ പോകുവാനും തീർത്ഥസ്നാനം ചെയ്യുവാനും ലിംഗദർശന സൗഭാഗ്യം നേടുവാനും തീരുമാനിച്ചു. പെട്ടെന്ന് പറന്ന് ഹാലാസ്യത്തിൽ എത്തി തീരുമാനിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കി.
സുന്ദരേശ്വരലിംഗത്തെ ദർശിച്ചതിനുശേഷം അൻപതോ അറുപതോ പ്രാവശ്യം ക്ഷേത്രപ്രദക്ഷിണം നടത്തി. അതിനുശേഷം സാംബശിവനെ മനസ്സുകൊണ്ട് പൂജിച്ചു.ഖഞ്ജരീടപ്പക്ഷിയുടെ ഭക്തി കണ്ടപ്പോൾ ശങ്കര ഭഗവാൻ സന്തോഷിക്കുകയും ദേവിയോട് ഈ കാര്യം പറയുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഭഗവാൻ മൃത്യുഞ്ജയ മന്ത്രം ഉപദേശിക്കുകയും ഇങ്ങനെ അരുളുകയും ചെയ്തു.
“പക്ഷികുലോത്തമ! എന്റെ ഭക്താ! കേൾക്കുക. ത്ര്യക്ഷരത്തിലുള്ള ഈ മന്ത്രം അങ്ങ് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് എന്നെ ധ്യാനിച്ച് ജപിക്കണം. അപ്പോൾ മന്ത്ര പ്രഭാവത്താൽ ശത്രുവിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുഃഖം നശിച്ചുപോകും. എല്ലാ ആഗ്രഹങ്ങളും സാധിക്കും. നിന്റെ വംശത്തിൽ ഉള്ളവർക്കും ഈ മന്ത്രം ഉപദേശിക്കണം. അപ്പോൾ ഭയം മാറുകയും ആഗ്രഹങ്ങൾ സാധിക്കുകയും ചെയ്യും.”
ഇത് കേട്ട് പക്ഷി ഭക്തിയോടുകൂടി ഭഗവാനെ പ്രണമിച്ചു. ത്രികാലങ്ങളിലും മന്ത്രം ജപിക്കുകയും, സ്വന്തം വംശജർക്ക് ഇത് ഉപദേശിക്കുകയും ചെയ്തു. ഈ മന്ത്രജപം കൊണ്ട് ഖഞ്ജരീടപ്പക്ഷിക്ക് അതിയായ ശക്തി ലഭിച്ചു. അത് പറന്നചെന്ന് കാക്കകളുടെ ശിരസ്സിൽ കൊത്തി മുറിവേൽപ്പിച്ചു. ഇത് കണ്ടപ്പോൾ സമസ്ത ജനങ്ങളും ഇവൻ ബലമുള്ളവൻ ആണെന്ന് പറഞ്ഞു. അതിനു അന്നുമുതൽ ഖഞ്ജരീടപ്പക്ഷിക്ക് “ബലീയാൻ” എന്ന നാമം ലഭിച്ചു. ഈ പക്ഷികൾ പ്രഭാതത്തിൽ പാടുന്നതിന് മൃത്യുഞ്ജയ മന്ത്രത്തിനോട് സാമ്യമുണ്ട്.
ഏത് മന്ത്ര പ്രഭാവത്താലാണോ ബലീയാൻ എന്ന പേര് സിദ്ധിച്ചത് ആ മന്ത്രം ജപിച്ചാൽ മനുഷ്യനും ആധിവ്യാധികളും ശത്രുക്കളും നശിക്കും. ആയുരാരോഗ്യസൗഖ്യം ലഭിക്കുകയും ചെയ്യും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 48 – ശരാരിയുടെ മോക്ഷ പ്രാപ്തി
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















