തിരുവനന്തപുരം: റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഉയർത്തി ഹൈക്കോടതി. ഒന്നാം പ്രതി മുതൽ അഞ്ചാം പ്രതി വരെയുള്ളവർക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തമാക്കിയാണ് ശിക്ഷ ഉയർത്തിയത്. 20 വർഷം കഴിയാതെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് അനുവദിക്കരുതെന്ന് കോടതി നിഷ്കർഷിച്ചു. ഇവർക്ക് നേരത്തെ ജീവപര്യന്തമായിരുന്നു ശിക്ഷ. കൊലപാതകത്തിനൊപ്പം ഗൂഢാലോചന കുറ്റം കൂടി കണ്ടെത്തിയതോടെ ഈ കുറ്റത്തിനാണ് ഇവരുടെ രണ്ടാമത്തെ ജീവപര്യന്തം.
പുതുതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജ്യോതി ബാബുവിനും കെ.കെ. കൃഷ്ണനും ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒന്നാം പ്രതി എം.സി. അനൂപ്, രണ്ടാം പ്രതി കിർമാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി.കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവർക്കാണ് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷാവിധി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. ആറാം പ്രതി അണ്ണൻ സജിത്തിന് നേരത്തെ ജീവപര്യന്തം ശിക്ഷയായിരുന്നു. ഇത് ജീവപര്യന്തവും ആറ് മാസം തടവുമാക്കി ഉയർത്തി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്‌ക്ക് 7.5 ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പ്രതികൾ നൽകണം.
എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ, 10-ാം പ്രതി കെ.കെ.കൃഷ്ണൻ, 11-ാം പ്രതി ട്രൗസർ മനോജൻ, 12-ാം പ്രതി ജ്യോതി ബാബു, 18-ാം പ്രതി വാഴപ്പടച്ചി റഫീഖ്, 31-ാം പ്രതി ലംബു പ്രദീപൻ എന്നിവരാണ് മറ്റ് പ്രതികൾ. 13–ാം പ്രതി പി.കെ. കുഞ്ഞനന്തൻ ജയിലിൽ കിടക്കവെ 2020ൽ മരിച്ചിരുന്നു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഇയാൾ.
കേസിൽ ആകെ 36 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 24 പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇവരിലായിരുന്നു ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ഉണ്ടായിരുന്നത്. കുറ്റം തെളിഞ്ഞതോടെ ഇവർക്ക് ജീവപര്യന്തം വിധിക്കുകയായിരുന്നു ഹൈക്കോടതി.















