ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മൂന്നാം തവണയും ജനങ്ങൾ മോദി സർക്കാരിനെ തിരഞ്ഞെടുക്കുമ്പോൾ 370 സീറ്റുകൾ ബിജെപിയും എൻഡിഎ സഖ്യം 400 സീറ്റുകളും നേടുമെന്ന് അദ്ദേഹം പറഞ്ഞു. 2047-ഓടെ ലോകത്തിലെ ശക്തമായ സാമ്പത്തിക ശക്തിയായി ഭാരതം മാറുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ബിജെപിയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം പുതിയ ഉയരങ്ങൾ തൊടുന്നത് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഭാരതത്തിന്റെ സന്ദേശം അന്താരാഷ്‌ട്ര തലത്തിൽ പ്രതിധ്വനിക്കുന്നു. ഇത് നേരത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. ലോകത്തിലെ ഒന്നാമത്തെ രാജ്യമാക്കി ഭാരതത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഭരിക്കുന്നത്. മുത്തലാഖ് നിരോധന നിയമം, പൊതു സിവിൽ കോഡ്, ആർട്ടിക്കിൾ 370 എന്നിങ്ങനെ പല ധീരമായ തീരുമാനങ്ങളും മോദി സർക്കാർ കൈക്കൊണ്ടു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞു, അതും സാധ്യമാക്കി. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാജ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാർ നടത്തി വരികയാണ്’.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസം വാക്കുകൾക്കതീതമാണ്. മൂന്നാം തവണയും ജനങ്ങൾ മോദി സർക്കാരിനെ തിരഞ്ഞെടുക്കും. ഇത്തവണ 370 സീറ്റുകൾ ബിജെപിയും 400 സീറ്റുകൾ എൻഡിഎ സഖ്യവും നേടും. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും വിഭജിക്കാനുള്ള രാഷ്‌ട്രീയ ഗൂഢാലോചനകളാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. ആന്ധ്രാപ്രദേശിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വർദ്ധിച്ചിട്ടുണ്ട്. ഭാവിയിൽ ആന്ധ്രാപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിക്കും. ബിജെപി രാഷ്‌ട്രീയത്തെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അത് വികസനത്തിന്റെ രാഷ്‌ട്രീയത്തെ കുറിച്ചാണ്’- രാജ്നാഥ് സിംഗ് പറഞ്ഞു.















