ഭാരതീയ സംസ്കൃതിയുടെ നേർചിത്രം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ബാപ്സ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് നൽകുന്നു

Published by
Janam Web Desk

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് ക്ഷേത്രം മാർച്ച് ഒന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകുന്നു. രാവിലെ ഒൻപത് മുതൽ രാത്രി എട്ട് മണി വരെയാകും ക്ഷേത്രത്തിൽ‌ ദർശനം അനുവദിക്കുക. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സന്ദർശിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 15 മുതൽ 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കും വിഐപികൾക്കുമാണ് പ്രവേശനം അനുവദിക്കുക.

അബുദാബി-ദുബായ് പാതയിലെ അബു മുറൈഖിയിലെ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. 108 മീറ്ററാണ് ക്ഷേത്രത്തിന്റെ ഉയരം. ക്ഷേത്രത്തിന്റെ നിർമ്മാണ ആശയം മുതൽ അംബര ചുംബിയായി ഉയർന്ന് നിൽക്കുന്ന ഇന്നത്തെ ക്ഷേത്രത്തിന്റെ രൂപം വരെ ഓരോ ശിൽപങ്ങളിലും കൊത്തിവച്ചിരിക്കുന്നു. അബുദാബിയുടെ ചരിത്രം ഉൾപ്പടെ ക്ഷേത്ര തൂണുകളിൽ കൊത്തിവച്ചിട്ടുണ്ട്.

യുഎഇയുടെ ഏഴ് എമറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് സ്തൂപങ്ങളുണ്ട്. സ്വാമി നാരായണൻ, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവൻ, ശ്രീകൃഷ്ണൻ, ശ്രീരാമൻ, അയ്യപ്പൻ, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴ് മൂർത്തികളാണ് ക്ഷേത്രത്തിലുള്ളത്. രാമന്റെയും സീതയുടെയും പ്രതിഷ്ഠയ്‌ക്കടുത്ത് രാമായണത്തിലെ പ്രസക്ത ഭാഗങ്ങളും ശിവപാർവ്വതി പ്രതിഷ്ഠയ്‌ക്ക് സമീപം ശിവപുരാണത്തിലെ പ്രസക്ത ഭാഗങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

വസുധൈവ കുടുംബം എന്ന യാഥാർത്ഥ്യത്തെ എല്ലാ അർത്ഥത്തിലും സാക്ഷാത്കരിക്കുന്നതാണ് ബാപ്‌സ് ക്ഷേത്രം. പുരാണ കഥകലും കഥാപാത്രങ്ങളും ചുവരുകൾക്ക് മാറ്റുകൂട്ടുന്നു. മഹാഭാരതവും രാമായണവും ഭഗവാൻ സ്വാമി നാരായണ ചരിതവും ഭഗവത്ഗീതയും ക്ഷേത്രത്തിന്റെ ഓരോ ചുവരുകളിലും കൊത്തിവച്ചിരിക്കുന്നു. ഇതിന് പുറമേ മെസപ്പോട്ടോമിയൻ സംസ്‌കാരത്തിൽ ഉൾപ്പടെയുള്ള വിശ്വാസ സംഹിതകളും ഇവിടെയുണ്ട്. 1997-ലാണ് ബാപ്‌സ് ആത്മീയ ഗുരു സ്വാമി മഹാരാജ് ഷാർജയിലത്തുന്നത്. തുടർന്ന് യുഎഇയിൽ ഒരു ക്ഷേത്രം നിർമ്മിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇക്കാര്യം പോലും ബാപ്‌സ് ഹിന്ദു മന്ദിറിന്റെ തൂണുകളിൽ കൊത്തി വച്ചിരിക്കുന്നു.

ഭാരതത്തിന്റെ പരമ്പരാഗത രീതിയാണ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിലും അവലംബിച്ചിരിക്കുന്നത്. രാജസ്ഥാനിലും ഗുജറാത്തിലുമായുള്ള ഭാരതത്തിന്റെ അഭിമാനമായ ശിൽപികളുടെ കരവിരുതിൽ വിരിഞ്ഞവയാണ് ബാപ്‌സ് ഹിന്ദു മന്ദിറിലെ ഓരോ ശിൽപവും. 2,000-ത്തിലധികം കരകൗശല തൊഴിലാളികളുടെ മൂന്ന് വർഷത്തെ അദ്ധ്വാനമാണ് ഓരോ മാർബിൾ തൂണുകളിലും കാണാൻ കഴിയുന്നത്. പുരാണ ഗ്രന്ഥങ്ങൾ, ആരാധന മൂർത്തികൾ, ആത്മീയ ഗുരുക്കൾ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന ആയിരം പ്രതിമകൾ ക്ഷേത്ര ചൂണുകളിലും മേൽക്കൂരയിലും കാണാം. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് സ്റ്റീലോ ഇരുമ്പോ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 1000 വർഷം വരെ ക്ഷേത്രം ഇന്ന് കാണുന്ന തരത്തിലുണ്ടാകും. രാമക്ഷേത്രത്തെ പോലെ തന്നെ ഭൂകമ്പത്തെയും മറ്റ് പ്രകൃതി ദുരന്തങ്ങളെയും ചെറുക്കാനും ക്ഷേത്രത്തിന് കെൽപ്പുണ്ട്.

രാജസ്ഥാനിൽ നിന്നുള്ള പിങ്ക് സാൻഡ് സ്റ്റോണും ഇറ്റലിയിൽ നിന്നുള്ള മാർബിളും ഉപയോഗിച്ചാണ് നിർമ്മാണം. ഗാനെറ്റ് തറയിലാണ് പിങ്ക് മണൽ കല്ലുകൾ വിരിച്ചിരിക്കുന്നത്. 8,000 മുതൽ 10,000 വരെ പേർക്ക് ഒരേ സമയം ക്ഷേത്രത്തിൽ പ്രവേശനം സാധ്യമാകും. കുട്ടികൾക്കായുള്ള പാർക്ക്, പഠനമേഖല, പുസ്‌കത ശാല, ഭക്ഷണശാല, വിശാലമായ പൂന്തോട്ടം തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.

Share
Leave a Comment