തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു ടിപി വധകേസിലെ വിധി വന്നത്. വിഷയത്തിൽ പ്രതികരണവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. ചാവേർ സിനിമയുടെ ഇതിവൃത്തവുമായി ബന്ധിപ്പിച്ച് വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു. നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ എന്നായിരുന്നു നടൻ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റ പ്രതികരണം.
‘ടി പി വധക്കേസ് സംബന്ധിച്ച് ഹൈക്കോടതി വിധി വരുമ്പോൾ തന്നെ “ചാവേർ “ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ. കീഴടക്കാൻ ഫെസ്റ്റിവൽ ലോകങ്ങൾ നിരവധി. ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ.’- ജോയ് മാത്യു കുറിച്ചു.
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ക്രൂരമായ ചതിയുടെയും കഥ പറയുന്ന രാഷ്ട്രീയ കൊലയാളികളുടെ ചിത്രമാണ് ചാവേർ. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന സിനിമയിൽ അർജുൻ അശോകനും ആന്റണി വർഗീസ് പെപ്പെയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.