ചെസിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. ഫിഡെയുടെ ലൈവ് റേറ്റിംഗ് പ്രകാരമാണ് കൗമാര താരം ഒന്നാമനായത്. ടൂർണമെൻ്റുകളിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.
അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിലെ മാസ്റ്റേഴ്സിൽ ജർമ്മൻ താരം വിൻസെന്റ് കീമറെ തോൽപ്പിച്ചതിന് പിന്നാലെയാണ് ലൈവ് റേറ്റിംഗിൽ ഇന്ത്യൻ താരം കുതിച്ചത്. കരിയറിൽ ആദ്യമായി 2750 റേറ്റിംഗ് കടന്ന താരം 2751.9 റേറ്റിംഗുമായി ലോകത്തിലെ 11-ാം നമ്പർ താരമായി. നേരത്തെ പ്രജ്ഞാനന്ദ വിശ്വനാഥൻ ആനന്ദിനെയും മറികടന്നിരുന്നു.
ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന് ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറിയിരുന്നു. പക്ഷേ ഫൈനലിൽ ലോകചാമ്പ്യൻ മാഗ്നസ് കാൾസന് മുന്നിൽ കാലിടറി.