അക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വിവാദ സ്വവർഗരതി വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കി. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് നിയമം പാസാക്കാൻ കഴിഞ്ഞതെന്ന് നിയമസഭാംഗമായ സാം ജോർജ്ജ് പ്രതികരിച്ചു.
2021ലായിരുന്നു Human Sexual Rights and Family Values Act ഘാനയുടെ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. സ്വവർഗരതിയെ കുറ്റകൃത്യമാക്കുന്നതിനൊപ്പം LGBTQവിന്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ ലക്ഷ്യമിടുന്ന നിയമം കൂടിയായിരുന്നു ഇത്. നിലവിൽ പാർലമെന്റിൽ നിയമം പാസായതിനാൽ രാഷ്‌ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
നിയമത്തിൽ അനുശാസിക്കുന്നത് പ്രകാരം സ്വവർഗരതിക്കാർക്ക് മൂന്ന് വർഷം വരെ തടവ് ലഭിക്കുന്നതാണ്. രാജ്യത്തെ ക്രിസ്ത്യൻ, മുസ്ലീം വിഭാഗത്തിൽ നിന്നുള്ള മതനേതാക്കളുമായി ചർച്ച ചെയ്തതിന് ശേഷമാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നത്. നിയമത്തെ അപലപിച്ച യുഎന്നിന്റെ മനുഷ്യാവകാശ സമിതി അദ്ധ്യക്ഷൻ വോൾക്കർ ടർക്ക്, തീരുമാനത്തെ പുനഃപരിശോധിക്കാൻ ഘാന സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.