ഇങ്ങനെയുമുണ്ടോ ഗതികേട്!? പരീക്ഷ നടത്തിപ്പിന്റെ പേരിൽ വരെ വിദ്യാർത്ഥികളെ പിഴിഞ്ഞു; എന്നിട്ടും ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയാക്കാതെ സർക്കാർ

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പോലും സർക്കാരിന്റെ ധൂർത്തിന് ഇരയാകുന്നു. ഹയർ സെക്കൻഡറി പരീക്ഷ നാളെ ആരംഭിക്കാനിരിക്കേ പ്ലസ് വൺ ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയായില്ല. ആദ്യ നാല് ദിവസത്തെ ചോദ്യക്കടലാസ് മത്രമാണ് പരീക്ഷ പടിവാതിലിൽ എത്തി നിൽക്കുന്ന വേളയിൽ അച്ചടിക്കാൻ സാധിച്ചിട്ടുള്ളൂ.

മാർച്ച് ഒന്ന് മുതൽ 26 വരെയാണ് പ്ലസ് വൺ പരീക്ഷ. സംസ്ഥാനത്തെ 2075 ഹയർ സെക്കൻഡറി സ്കൂളുകളിലും വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യക്കടലാസ് എത്തിക്കണം. ഗൾഫ് മേഖലകളിലെ സ്കൂളുകളിലെ ചോദ്യക്കടലാസ് എംബസി മുഖേനയാണ് വിതരണം ചെയ്യുന്നത്. മുൻപ് ഒറ്റത്തവണയായാണ് അച്ചടി നടത്തിയിരുന്നത്. തലയ്‌ക്ക് മീതെ കടം വന്നതോടെ അച്ചടി രണ്ട് തവണ ആയാകും നടക്കുക. ചെലവും ഇരട്ടിയാകും.

പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികളെ സർക്കാർ കാര്യമായി തന്നെ പിഴിയുന്നുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിനുള്ള തുക സ്കൂളുകൾക്കു കൃത്യമായി നൽകുന്നില്ല. പരീക്ഷ നടത്താൻ പ്ലസ് വൺ വിദ്യാർത്ഥികളിൽ നിന്ന് 240 രൂപയും പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്ന് 270 രൂപയും വിദ്യാഭ്യാസ വകുപ്പ് എല്ലാ വർഷവും ഈടാക്കുന്നുണ്ട്. സംസ്ഥാനത്തെ ഒൻപതര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തരത്തിൽ പണം അടച്ചിട്ടുള്ളത്. കുട്ടികൾ ഫീസ് അടയ്‌ക്കാൻ താമസിച്ചാൽ ഇരട്ടിയിലധികം തുക പിഴ ഇനത്തിലും വാങ്ങുന്നുണ്ട്.

കഴിഞ്ഞ വർഷം മൂല്യനിർണയം നടത്തിയ അദ്ധ്യാപകർക്കുള്ള പ്രതിഫലവും സർക്കാർ ഇവിയും നൽകിയിട്ടില്ല. ഇതിനിടെ കഴിഞ്ഞ ക്രിസ്മസ് പരീക്ഷയ്‌ക്ക് പ്രൈവറ്റ് വിദ്യാർത്ഥികൾക്കായി അനാവശ്യമായി ഇരട്ടിയിലധികം ചോദ്യക്കടലാസ് അച്ചടിച്ചതും വിവാദങ്ങൾ അഴിച്ചുവിട്ടിരുന്നു.

Share
Leave a Comment