ഫെബ്രുവരി 29ന് ജനിക്കുന്നവർ എങ്ങനെയാണ് പിറന്നാൾ ദിനം ആഘോഷിക്കുന്നതെന്ന് അറിയാമോ? അതറിയണമെങ്കിൽ ആദ്യം അധിവർഷത്തെക്കുറിച്ച് മനസിലാക്കാം.
ഫെബ്രുവരി മാസത്തിന് 29 ദിവസമുള്ള വർഷങ്ങളെയാണ് അധിവർഷമെന്ന് വിശേഷിപ്പിക്കുന്നത്. സാധാരണയായി 365 ദിവസമാണ് ഒരു വർഷത്തിലുള്ളത്. അതായത് 365 ദിവസം, 5 മണിക്കൂർ , 49 മിനിറ്റ് 12 സെക്കൻഡ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ 365-1/4 ദിവസം. അതുകൊണ്ട് ശേഷിക്കുന്ന ‘കാലുകളെല്ലാം’ ചേർത്ത് ഒരു ദിവസമാക്കി, അങ്ങനെ നാലാം വർഷം ഒരു ദിവസം കൂടി ചേർക്കുന്നു. ഇതോടെ ആ വർഷം 366 ദിവസമാകുകയും ഇത് അധിവർഷമെന്ന് അറിയപ്പെടുകയുമാണുണ്ടാകുന്നത്. ഇംഗ്ലീഷിൽ ഇതിന് പറയുന്ന പേരാണ് ലീപ് ഇയർ. അധികം വരുന്ന ആ ഒരു ദിനമാണ് ഫെബ്രുവരി 29.
ഈ ദിവസം ജനിക്കുന്നവരുടെ പിറന്നാൾ ദിനം നാല് വർഷം കൂടുമ്പോൾ മാത്രമേ വരികയുള്ളൂവെന്നതാണ് വസ്തുത. ഇത്തരത്തിൽ ഫെബ്രുവരി 29ന് ഒരു കുഞ്ഞ് ജനിക്കാനുള്ള സാധ്യത 1461ൽ ഒന്ന് മാത്രമാണ്.
ബ്രിട്ടണിൽ ഫെബ്രുവരി 29ന് ജനിക്കുന്ന കുട്ടികളുടെ ജന്മദിനം ഔദ്യോഗിക സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തുന്നത് മാർച്ച് ഒന്ന് എന്നായിരിക്കും. ന്യൂസിലാൻഡിൽ ഇത് ഫെബ്രുവരി 28 ആണ്. ലോകത്ത് ഏകദേശം അഞ്ച് ദശലക്ഷം പേർ ഫെബ്രുവരി 29ന് പിറന്നാൾ ആഘോഷിക്കുന്നുണ്ടെന്നാണ് കണക്ക്.
സ്വാതന്ത്ര്യസമര സേനാനിയും മുൻ പ്രധാനമന്ത്രിയുമായ മൊറാർജി ദേശായി, ഒളിമ്പ്യനും അർജ്ജുന പുരസ്കാര ജേതാവുമായ പ്രകാശ് നഞ്ജപ്പ, ഭരതനാട്യം നർത്തകിയും കലാക്ഷേത്ര സ്ഥാപകയുമായ രുക്മിണി ദേവി എന്നിവർ ഫെബ്രുവരി 29ന് ജനിച്ച രാജ്യത്തെ പ്രമുഖരാണ്.