തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺഗ്രസ്-സിപിഎം അന്തർധാര സജീവമായിരിക്കുമെന്ന് സൂചന നൽകി ടി.എൻ പ്രതാപൻ എംപി. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വമാണെന്നും തൃശൂരിലെ കമ്യൂണിസ്റ്റുകാർ തനിക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തൃശൂർ എംപി വ്യക്തമാക്കിയത്.
“യുഡിഎഫും എൽഡിഎഫും തമ്മിലാണ് തൃശൂരിൽ മത്സരം നടക്കുന്നത്. ബിജെപിയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശത്രു. ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചാണ്. സംഘപരിവാർ ശക്തികളെ നേരിടുന്നതിന് ഇൻഡി മുന്നണിയാണ് ദേശീയ തലത്തിൽ വരുന്നത്. അതുകൊണ്ടാണ് സിപിഎമ്മും സിപിഐയുമായുമെല്ലാം ഞങ്ങൾക്ക് ധാരണയുള്ളത്. കോൺഗ്രസിന് എംപിമാരുടെ എണ്ണം കൂടുതൽ ഉണ്ടായാൽ മാത്രമാണ് ദേശീയതലത്തിൽ കാര്യമുള്ളൂ”.
“കോൺഗ്രസിന് എംപിമാരെ ഉണ്ടാക്കി തരേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വമാണ്. അന്ധമായ കമ്യൂണിസ്റ്റ് വിരോധമുള്ള ആളല്ല ഞാൻ. എൽഡിഎഫിന് എംപിമാർ ഉണ്ടായിട്ട് ദേശീയ തലത്തിൽ കാര്യമില്ല. കോൺഗ്രസിനാണ് എംപിമാരെ ആവശ്യം. അതുകൊണ്ട് ബിജെപി കേന്ദ്രത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാരെല്ലാം എനിക്ക് വോട്ട് ചെയ്യണം”-ടി.എൻ പ്രതാപൻ പറഞ്ഞു.