രണ്ട് ഉറ്റ സുഹൃത്തുക്കളുടെ മത്സരത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ. ദുൽഖറും ഉണ്ണിമുകുന്ദനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 2014-ൽ ഇറങ്ങിയ ചിത്രത്തിന്റെ കഥ എഴുതിയത് ഇക്ബാൽ കുറ്റിപ്പുറമായിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ലാൽ ജോസ്.
സിനിമയുടെ രണ്ടാം ഭാഗം എടുക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ, ഉണ്ണി മുകുന്ദനോടും ദുൽഖറിനോടും ഇതുവരെയും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നുമാണ് ലാൽ ജോസ് പറഞ്ഞത്. ഒരു കഥ റെഡിയായിട്ടുണ്ടെന്നും ദുൽഖറിനും ഉണ്ണിക്കും സമ്മതമാണെങ്കിൽ സിനിമ ഉടനെ എടുക്കുമെന്നുമാണ് ലാൽ ജോസ് പറഞ്ഞത്.
‘ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഞാനും ഡോക്ടർ ഇക്ബാലും ചേർന്ന് വിക്രമാദിത്യത്തിന്റെ സെക്കൻഡ് പാർട്ടിന് വേണ്ടി ആഗ്രഹിക്കുന്നുണ്ട്. അതിനൊരു കഥയും റെഡിയായിട്ടുണ്ട്. പക്ഷെ, അത് നടക്കുമോന്ന് അറിയില്ല. ഇപ്പോൾ ആ സിനിമയിൽ അഭിനയിച്ച ദുൽഖറും ഉണ്ണി മുകുന്ദനും വലിയ താരങ്ങളായി കഴിഞ്ഞു. വിക്രമാദിത്യൻ ചെയ്യുന്ന സമയത്തുള്ള ദുൽഖറും ഉണ്ണി മുകുന്ദനും ഒന്നുമല്ല ഇപ്പോഴുള്ളത്. അതുകൊണ്ട് അവരുടെ താത്പര്യം എന്താണെന്ന് നമുക്ക് ഇപ്പോൾ അറിയില്ല.
അവരോട് ഇതുവരെയും ഇക്കാര്യം സംസാരിച്ചിട്ടുമില്ല. ഞങ്ങൾ വിക്രമാദിത്യൻ അവസാനിപ്പിച്ചിരിക്കുന്നത് സെക്കൻഡ് പാർട്ടിലേക്ക് ഒരു ചൂണ്ടയിട്ടാണ്. അതുകൊണ്ട്, അതിന്റെയൊരു സബ്ജക്ട് അന്നേ ഞങ്ങളുടെ മനസിലും ഉണ്ടായിരുന്നു. അത് കുറച്ച് ഡെവലപ്പ്, ചെയ്തിട്ടുണ്ട്. ഇനി ദുൽഖറിനെയും ഉണ്ണിയെയും കണ്ട് സംസാരിച്ച് നോക്കണം. അവർക്ക് താത്പര്യം ഉണ്ടെങ്കിൽ സെക്കൻഡ് പാർട്ട് എന്തായാലും ഉണ്ടാകും.’- ലാൽ ജോസ് പറഞ്ഞു.