സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടു.
നടൻമോഹൻലാലിന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെയാണ് ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. മധു പകരൂ നീ താരകേ…. എന്നു തുടങ്ങുന്ന ഗാനത്തിന് വരികൾ രചിച്ച് ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. സംഗീതം പകർന്നിരിക്കുന്നത് ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥാണ്.
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ യുവതാരനിര തന്നെ അണിനിരക്കുന്നുണ്ട്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. നിവിൻ പോളി, അജു വർഗീസ്, നീരജ് മാധവ്, ബേസിൽ ജോസഫ് എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. വിവിധ കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. നാല് ലുക്കിലാണ് ധ്യാനും പ്രണവും എത്തുന്നത്. മലയാളികൾക്ക് വിഷു കൈനീട്ടമായി എത്തുന്ന ചിത്രത്തെ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.