വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ റാഗിംഗിനെ തുടർന്നുണ്ടായ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ നടപടിയിൽ സിദ്ധാർത്ഥിന്റെ കുടുംബം നന്ദിയറിയിച്ചു. സർവ്വകലാശാല ചാൻസലറുടെ നടപടിയിൽ തൃപ്തിയുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് വ്യക്തമാക്കി.
നട്ടെല്ലുള്ള ഒരു ഗവർണറെ കേരളത്തിന് കിട്ടിയെന്ന് പ്രതികരിച്ച പിതാവ്, ഗവർണറുടെ പദവിയെക്കുറിച്ച് മനസിലായത് ആരിഫ് മുഹമ്മദ് ഖാൻ എത്തിയതിന് ശേഷമാണെന്നും വെറുതെ ഒപ്പിട്ട് കൊടുക്കൽ മാത്രമല്ല ജോലിയെന്ന് അദ്ദേഹം തെളിയിച്ചതായും മാദ്ധ്യമങ്ങളോട് പറഞ്ഞു.
“ഗവർണർ വളരെ ബോൾഡ് ആയിട്ടുള്ള, നട്ടെല്ലുള്ള ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് ഈ നടപടി സ്വീകരിച്ചത്. ഗവർണർ എന്നാൽ ചാൻസലർ കൂടിയാണ്. ആ ജോലി എന്താണെന്ന് കുറച്ച് വർഷം മുമ്പ് എനിക്ക് അറിയില്ലായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ വന്നതിന് ശേഷമാണ് ഗവർണറുടെ പദവിയുടെ പവർ എന്താണെന്ന് മനസിലായത്. കേരളത്തിൽ തന്നെ പലർക്കും ഗവർണറുടെ ചുമതലയെന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞു. എല്ലാം ഈ ഗവർണർ വന്നതിന് ശേഷമാണ്.
എന്തൊക്കെയാണ് ഗവർണറുടെ ചുമതല, എന്തൊക്കെയാണ് ജോലി.. ഇതൊക്കെ ഇപ്പോൾ മനസിലായി. പണ്ടൊക്കെ ഞാൻ കരുതിയിരുന്നത് വെറുതെ കുറേ ഒപ്പിട്ട് കൊടുത്താൽ മതി. അതാണ് ഗവർണറുടെ പണിയെന്നാണ്.. എന്നാൽ ഒരു ഗവർണറുടെ പദവിക്ക് എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന് ഇപ്പോൾ അറിഞ്ഞു, കേരളത്തിന് നട്ടെല്ലുള്ളൊരു ഗവർണറെ കിട്ടി. അദ്ദേഹം ഇനിയും നല്ല പ്രവർത്തനങ്ങൾ നടത്തട്ടെ, വിസിക്കെതിരായ നടപടിയിൽ തൃപ്തിയുണ്ട്. ” ജയപ്രകാശ് പറഞ്ഞു.
സർവ്വകലാശാല വിസി ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് അൽപം മുൻപായിരുന്നു രാജ്ഭവൻ പുറത്തിറക്കിയത്. വിദ്യാർത്ഥി ദിവസങ്ങളോളം പീഡനം അനുഭവിച്ചത് സർവ്വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച കൊണ്ട് കൂടിയാണെന്ന് ഉത്തരവിൽ പറയുന്നു.