കോട്ട: പങ്കാളിയുടെ മുൻ ബന്ധത്തിലുള്ള മകളെ നിരന്തരം ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന് ജീവപര്യന്തം തടവ്. 13 വയസുള്ള പെൺകുട്ടിയ ഇയാൾ പലതലണയായി പീഡിപ്പിച്ചെന്നാണ് കേസ്. 33-കാരനായ പ്രതാപ് സിംഗ് സോന്ധ്യയാണ് പ്രതി. രാജസ്ഥാനിലെ കോട്ടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരയുടെ മാതാവുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു യുവാവ്. സ്ത്രീക്ക് മുൻ വിവാഹ ബന്ധത്തിലുണ്ടായ മകളായിരുന്നു പീഡനത്തിന് ഇരയായത്. കുട്ടിക്ക് അഞ്ച് വയസുള്ളപ്പോഴായിരുന്നു യുവതി പ്രതിയുമായി അടുപ്പത്തിലാകുന്നതും ലിവ്-ഇൻ ബന്ധത്തിലേക്ക് കടക്കുന്നതും. എന്നാൽ ബന്ധം ആരംഭിച്ച് അഞ്ച് വർഷം ആകുമ്പോഴേക്കും യുവതി ജീവനൊടുക്കി. ഇതോടെ അമ്മയില്ലാതായ പെൺകുട്ടി മറ്റ് വഴികളില്ലാതെ യുവാവിനൊപ്പം താമസിക്കുകയായിരുന്നു. ഈ സാഹചര്യത്തെ ചൂഷണം ചെയ്യുകയായിരുന്നു പ്രതി.
ഇതുസംബന്ധിച്ച് 2022 ഡിസംബർ 12നാണ് ഝൽവാറിലെ ദുഗ് പോലീസ് സ്റ്റേഷനിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. 3-4 മാസത്തോളം പ്രതി നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവിൽ സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്ന് ഒളിച്ചോടുകയായിരുന്നുവെന്നും 13-കാരി പോലീസിന് മൊഴി നൽകി.
കേസെടുത്തതിന് പിറ്റേന്ന് തന്നെ പ്രതി അറസ്റ്റിലായിരുന്നു. അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് യുവാവ്. ഝൽവാറിലെ പോക്സോ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും അടയ്‌ക്കണം.















