വയനാട്: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ ‘അലിഖിത നിയമം’ എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അലിഖിത നിയമം അനുസരിച്ച് പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥിനെ വിളിച്ചുവരുത്തി. വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ് എറണാകുളത്ത് നിന്നാണ് തിരികെ വയനാടിന് പോകുന്നത്. രെഹാന്റെ ഫോണിൽ നിന്ന് ഡാനിഷ് എന്ന വിദ്യാർത്ഥിയാണ് സിദ്ധാർത്ഥിനെ വിളിച്ചുവരുത്തുന്നത്.
കോളേജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസ് ആകുമെന്നും ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഹോസ്റ്റലിൽ എത്തിയതിന് പിന്നാലെ ഇതേ നിയമം അനുസരിച്ച് സിദ്ധാർത്ഥിനെ പരസ്യവിചാരണ നടത്തി. സഹപാഠിയായ പെൺകുട്ടിയോടെ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സിദ്ധാർത്ഥിനെ തടങ്കലിൽ വച്ച്, അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റും കേബിളും ഉപയോഗിച്ച് മർദ്ദിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായി അഞ്ച് മണിക്കൂറോളം സിദ്ധാർത്ഥിനെ പ്രതികൾ മർദ്ദിച്ചു. പ്രതികളാണ് സിദ്ധാർത്ഥിനെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും കൊലപാതക സാധ്യത പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ അന്വേഷണ സംഘം ആവശ്യപ്പെടുന്നു.
ക്യാമ്പസിലെ നാലോളം ഇടങ്ങളിൽ എത്തിച്ചായിരുന്നു മർദ്ദനം. ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽ വച്ച് സമാനതകളില്ലാത്ത മർദ്ദനത്തിനാണ് സിദ്ധാർത്ഥ് ഇരയായത്. ദിവസങ്ങളോളം മർദ്ദിച്ചുവെന്നും മരണമില്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.















