എറണാകുളം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമർശനമായി സംവിധായകൻ അരുൺ ഗോപി. ഒരു പാവം പയ്യന്റെ, ഒരു കുടുംബത്തിന്റെ, ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ എഴുതാതിരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പോസ്റ്റ് പങ്കുവച്ചത്.
അരുൺ ഗോപിയുടെ ഫേസ്ബുക്കിന്റെ പൂർണ രൂപം
”കുറച്ചായി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ.. ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല.. കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്ക്കുക ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇതിനു പിന്നിലുള്ള സകലരെയും അറിഞ്ഞും കേട്ടും മിണ്ടാതിരുന്നവരെ പോലും വെറുതെ വിടരുത്.”
ഇക്കഴിഞ്ഞ 18നാണ് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനായി മരിക്കുന്നത്. സിദ്ധാർത്ഥിനെ വിവസ്ത്രനാക്കി ബെൽറ്റ്, കേബിൾ വയർ തുടങ്ങിയവ കൊണ്ട് ക്രൂര മർദ്ദനത്തിനാണ് വിധേയനാക്കിയത്. സിദ്ധാർത്ഥിന്റെ മരണ ശേഷം മാത്രമാണ് ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ അറിഞ്ഞതെന്നാണ് ഡീനിന്റെ വിചിത്ര വാദം. ഇതിനെ തള്ളിക്കൊണ്ട് സിദ്ധാർത്ഥിന്റെ പിതാവും രംഗത്തെത്തിയിരുന്നു.