ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഗുജറാത്ത് മോഡലിനെയും പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയിലെ അദിലാബാദിൽ നടന്ന പരിപാടിയിലാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകൾ. 56,000 കോടിയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തെലങ്കാനയിൽ തുടക്കം കുറിച്ചത്. പിന്നാലെ മറുപടി പ്രസംഗത്തിലാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദി ജ്യേഷ്ഠ സഹോദരനാണ്. തെലങ്കാന വികസിക്കണമെങ്കിൽ ഗുജറാത്തിന്റെ വികസന മോഡൽ പിന്തുടരണം. കേന്ദ്ര സർക്കാരിനെതിരെ പോരാടാനില്ലെന്നും പ്രധാനമന്ത്രിയുടെ അഞ്ച് ട്രില്ല്യൺ സമ്പദ് സമ്പദ് വ്യവസ്ഥയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തെലങ്കാന ഒപ്പം ചേരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങിൽ പര്യടനത്തിലാണ് പ്രധാനമന്ത്രി മോദി. രാജ്യത്തെ 140 കോടി ജനങ്ങളാണ് തന്റെ കുടുംബമെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.