ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മുന്നേറുകയാണ്. ഇതിനോടകം ചിത്രം തമിഴ്നാട്ടിൽ 15 കോടിയിലധികം നേടിയിട്ടുണ്ട്. ചിത്രത്തിന് തമിഴ്നാട്ടിൽ മൗത്ത് പബ്ലിസിറ്റികൊണ്ട് നല്ല പ്രൊമോഷനാണ് ലഭിച്ചിരിക്കുന്നത്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
തമിഴ്നാട്ടിലെ തിയേറ്ററിൽ നിന്നും നിരവധി മലയാളി താരങ്ങൾ മഞ്ഞുമ്മൽ ബോയ്സ് കണ്ടിരുന്നു. ഇപ്പോഴിതാ, സിനിമ കണ്ടതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ.
‘ഒരു സിനിമാപ്രേമി എന്ന നിലയിൽ, കഴിഞ്ഞ വർഷങ്ങളിൽ ഏറെ ഇഷ്ടം തോന്നിയ സിനിമാ അനുഭവങ്ങളുണ്ട്. ഇന്‍സെപ്ഷന്‍, ഷേപ്പ് ഓഫ് വാട്ടര്‍, ലാ ലാ ലാന്‍ഡ് തുടങ്ങിയ സിനിമകൾ ഈ കൂട്ടത്തിലുണ്ട്. ഇവയുടെ അവസാനം വരെയും സ്ക്രീനിൽ ഞാൻ നോക്കി ഇരുന്നിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞപ്പോള്‍ വേഗം തിയേറ്ററിൽ നിന്ന് ഇറങ്ങിപോകാനാണ് ശ്രമിച്ചത്. കാരണം ഞാൻ കരയുന്നത് മറ്റുള്ളവർ കാണാതിരിക്കാനായിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന് ശേഷം സ്ക്രീനിലേക്ക് നോക്കിയിരുന്നു. മലയാളികൾ ഇല്ലാത്തൊരു തിയേറ്ററിൽ ഇരുന്നായിരുന്നു എനിക്കറിയാവുന്ന കുറച്ചുപേര്‍ ചേര്‍ന്ന് ഒരുക്കിയ സിനിമ കണ്ടത്. ആ നിമിഷം എനിക്ക് അഭിമാനം തോന്നി. മഞ്ഞുമ്മല്‍ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്. നമ്മളെ ആരെക്കാളും മുന്‍പേ സുഷിന്‍ അത് മനസിലാക്കിയെന്ന് എനിക്ക് തോന്നുന്നു.’- വിനീത് ശ്രീനിവാസൻ കുറിച്ചു.