ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് കൈതി2. രജനികാന്തിനൊപ്പമുള്ള ഫാൻബോയ് ചിത്രം കഴിഞ്ഞാലുടൻ ലോകേഷ് കനകരാജ് കൈതി 2 ന്റെ പണിപുരയിലേയ്‌ക്ക് കടക്കുമെന്നും ഇതിനോടകം ആരാധകരെ അറിയിച്ച് കഴിഞ്ഞു. എന്നാൽ കൈതിയ്‌ക്ക് മുൻപ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്ന് ഒരു ഷോർട്ട് ഫിലിം ഉണ്ടാകുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. നടൻ നരേനാണ് ആദ്യം ഇക്കാര്യം അറിയിച്ചത്.
ഇപ്പോഴിതാ ഈ ഷോർട്ട് ഫിലിം സംബന്ധിച്ച് ഏറ്റവും പുതിയ വാർത്ത പുറത്തു വന്നിരിക്കുകയാണ്. ഇതിൽ കാളിദാസ് ജയറാമും അർജ്ജുൻ ദാസും അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും അഭിനയിക്കുന്ന പോർ എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ കാളിദാസ് ജയറാമാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
തലൈവർക്കൊപ്പമുള്ള സിനിമ ആരംഭിക്കുന്നതിന് മുമ്പായി ഷോർട്ട് ഫിലിം എത്തുമെന്നാണ് നരേൻ അറിയിച്ചിരുന്നത്. നരേനും ഈ ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നുണ്ടെന്നും എൽസിയുവിൽ ഒരു ഷോർട്ട് ഫിലിം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങൾ നേരത്തെ തീരുമാനിച്ചതാണ്. ഷോർട്ട് ഫിലിമിന്റെ സ്‌ക്രിപ്റ്റടക്കം തയ്യാറണെന്നും നരേൻ പറഞ്ഞിരുന്നു. 10 മിനിട്ട് ദൈർഘ്യത്തിലാണ് ഷോർട്ട് ഫിലിം ഒരുങ്ങുന്നത്. എൽസിയുവിനെ സംബന്ധിക്കുന്ന ഏറ്റവും സുപ്രധാനമായ ഒന്നായിരിക്കും ഈ ഷോർട്ട് ഫിലിം.
നിലവിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ മൂന്ന് ചിത്രങ്ങളാണ് ഉള്ളത്. 2019 ൽ പുറത്തിറങ്ങിയ കൈതി, 2022 പുറത്തിറങ്ങിയ വിക്രം, 2023 ൽ പുറത്തിറങ്ങിയ ലിയോ എന്നിവയാണ്. ലോകേഷിന്റെ അടുത്ത ചിത്രം എൽസിയു- വിൽ നിന്നുള്ളതാണോ എന്നതിന് ലോകേഷടക്കം ആരും മറുപടി നൽകിയിട്ടില്ല. നിലവിൽ തലൈവർക്കൊപ്പമുള്ള ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികളിലാണ് ലോകേഷ്.