ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്ന് യുഎസിലെ ഇന്ത്യൻ ഡെപ്യൂട്ടി അംബാസിഡർ ശ്രീപ്രിയ രംഗനാഥൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം അതിന്റെ വിശാലമായ ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നും ശ്രീപ്രിയ രംഗനാഥൻ ചൂണ്ടിക്കാണിച്ചു. സ്റ്റാൻഫോർഡ് ഇന്ത്യ പോളിസി ആൻഡ് ഇക്കണോമിക്സ് ക്ലബ് സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഇവർ.
” കുറച്ച് നാളുകൾക്ക് മുൻപ് സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിൽ പോലും നമ്മുടെ ലക്ഷ്യങ്ങളും കാഴ്‌ച്ചപ്പാടുകളും മാറ്റാൻ ഇപ്പോൾ സാധിക്കും. കഴിഞ്ഞ 20 വർഷം മുൻപ് വിചിത്രമെന്ന് തോന്നിയ പല ആശയങ്ങളും ഇന്ന് നടപ്പിലാക്കാൻ കഴിയും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പറ്റി പറയുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം എന്ന പറയുന്ന ഘട്ടത്തിലാണുള്ളത്. ഇരുരാജ്യങ്ങൾക്കും സഹകരിച്ച് മുന്നോട്ട് പോകാൻ സാധിക്കുന്ന മേഖലകളുടെ എണ്ണം ഭാവിയിലും വർദ്ധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ബഹിരാകാശ മേഖലയിലും സാങ്കേതിക വിദ്യകളുടെ മേഖലകളിലുമെല്ലാം മികച്ച സഹകരണത്തോടെയാണ് ഇരുകൂട്ടരും ഇന്ന് പ്രവർത്തിക്കുന്നത്. ഭാവിയിലേക്കുള്ള നിർണായകമായ ഘടകങ്ങളാണിത്. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്ഞരും സഹകരിച്ച് പ്രവർത്തിക്കുന്നു. ഇങ്ങനെ എല്ലാ മേഖലയിലും സഹകരിച്ച് മുന്നോട്ട് പോകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കും ഏറെ ഗുണകരമായ ഘടകമാണ്. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിലെത്തി പഠനം നടത്തുന്നുണ്ട്. സാംസ്‌കാരികമായ കൈമാറ്റമുൾപ്പെടെ ഇതിലൂടെ സാധ്യമായി വരുന്നതായും” ശ്രീപ്രിയ രംഗനാഥൻ ചൂണ്ടിക്കാട്ടി.