ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി 22-കാരൻ. സുനിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജാൽവർ ജില്ലയിലാണ് ദാരുണ സംഭവം.പ്രണയിതാക്കളായിരുന്ന ഇരവരും ഒളിച്ചോടി വിവാഹിതരായിട്ട് ഒരുമാസം തികയുമ്പോഴാണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയ കാര്യം അവരുടെ പിതാവിനെ വിളിച്ചറിയിച്ച ശേഷമാണ് രാജറാം തൻവർ രക്ഷപ്പെട്ടത്.
പഞ്ച്പിപ്ലി ഗ്രാമത്തിലെ സുനിതയുമായി രാജറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷം നടത്തിയിരുന്നെങ്കിലും വിവാഹം പിന്നീട് വേണ്ടെന്നു വച്ചു. എന്നാൽ ഇവർ ബന്ധം തുടരുകയായിരുന്നു. ഫെബ്രുവരി പത്തിന് ഒളിച്ചോടി ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. സുനിതയുടെ കുടുംബം പിന്നീട് വിവാഹം അംഗീകരിച്ചു.
ഇന്ന് രാവിലെ അഞ്ചോടെ മദ്യലഹരിയിലായിരുന്ന രാജറാം ഭാര്യയുമായി വഴക്കിടുകയും ഇത് സംഘർഷത്തിലെത്തുകയുമായിരുന്നു. തുടർന്ന് മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് അവരെ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്ന പ്രതി പതിവായി വീട്ടിൽ വഴക്കിടുകയും യുവതിയെ മർദ്ദിക്കാറുമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സുനിതയുടെ പിതാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിക്കായുള്ള തെരച്ചിലാരംഭിച്ചു.