ഡൽഹി: ബിജെപിയിൽ അംഗത്വം സ്വീകരിക്കാൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. നാളെ ബിജെപി ആസ്ഥാനത്തെത്തിയായിരിക്കും ബിജെപിയിൽ അംഗത്വം എടുക്കുക. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയതയുടെ ഭാഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകൾ ബിജെപിയിൽ ചേരുന്നതോടെ കേരളത്തിലെ രാഷ്‌ട്രീയക്കളം മാറി മറിയുമെന്ന് ഉറപ്പായി കഴിഞ്ഞു. തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോൺഗ്രസ് നിലപാടുകളിൽ വന്ന മാറ്റവുമാണ് പത്മജ വേണുഗോപാലിനെ ബിജെപിയുടെ പാതയിലേയ്‌ക്ക് എത്തിച്ചത്.
കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ച നേതാവ് കൂടിയാണ് പത്മജ. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചാൽ അത് കോൺഗ്രസിനേൽക്കുന്ന കനത്ത തിരിച്ചയാകും.