ബെംഗളുരുവിൽ കുടിവെള്ള പ്രതിസന്ധി സമാനതകളില്ലാതെ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ നടപടികളുമായി റസിഡന്റ് അസോസിയേഷനുകളടക്കം രംഗത്തെത്തി. കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ ചുമത്താനും ഇത് കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെയും ചുമതലപ്പെടുത്തി. നഗരത്തിലെ കുഴൽ കിണറുകൾ അടക്കം വറ്റിവരണ്ടു. കുടിവെള്ള ടാങ്കുകളിൽ നിന്ന് കൊള്ള വിലക്കാണ് പ്രദേശവാസികൾ വെള്ളം വാങ്ങുന്നത്. മണിക്കൂറുകൾ കുടിവെള്ളത്തിന് വരി നിന്നാലും ആർ.ആർ നഗറിൽ ഒരു കുടം വെള്ളത്തിലധികം നൽകേണ്ടെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കുട്ടികളെ ഒപ്പം കൂട്ടാനും അനുവാദമില്ല.
വൈറ്റ്ഫീല്‍ഡിലെ ദി പാം മെഡോസ് ഹൗസിങ് സൊസൈറ്റിയാണ് കുടിവെള്ളം പാഴാക്കുന്ന കാര്യത്തിൽ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. ബെംഗളൂരു വാട്ടര്‍സപ്ലൈ ബോര്‍ഡില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ നാല് ദിവസമയി കുഴല്‍കിണര്‍ ഉപയോഗിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്നും നോട്ടീസില്‍ പറയുന്നു. യെലഹങ്ക, കനകപുര എന്നിവിടങ്ങളിലും കുടിവെള്ളം കിട്ടാനില്ല.
സ്ഥിതി ഗുരുതരമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബെംഗളൂരുവില്‍ നിര്‍ണായക യോഗം ചേര്‍ന്നു. ബെംഗളുരു നഗരത്തിൽ നാലായിരത്തോളം കുഴൽ കിണറുകൾ വറ്റിവരണ്ടു. കുടിവെള്ളം കിട്ടാനുണ്ടോ എന്ന പരിശോധനയിലാണ് അധികൃതർ.കുടിവെള്ള ക്ഷാമം നഗരത്തിലെ വ്യവസായ ശാലകളെയും ബാധിച്ചിട്ടുണ്ട്. പല ഫാക്ടറികളും ഉത്പാദനം പകുതിയായി കുറച്ചു.