ഭാര്യ വീട്ടുജോലി ചെയ്യുമെന്ന് ഭർത്താവ് പ്രതീക്ഷിക്കുന്നത് ക്രൂരതയല്ല: ഡൽഹി ഹൈക്കോടതി

Published by
Janam Web Desk

ന്യൂഡൽഹി: വീട്ടിലെ ജോലികൾ ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ക്രൂരതയായി കാണാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിവാഹമോചനം നിഷേധിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ വിധിക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം.

ചുമതലകളെയും ഉത്തരവാദിത്വങ്ങളെയും ഇരുവരും പങ്കിടുക എന്നതുകൂടിയാണ് വിവാഹ ബന്ധത്തിന്റെ ആധാരം. വീട്ടുജോലികൾ ഭാര്യ ചെയ്യുമെന്ന് ഭർത്താവ് പ്രതീക്ഷിക്കുന്നത് ഒരു കുറ്റമായി കാണാനുമാകില്ല. ആ ജോലിയെ വീട്ടുജോലിക്കാരുടെ പ്രവൃത്തിയുമായി താരതമ്യപ്പെടുത്തേണ്ട കാര്യവുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചത്. എന്നാൽ കുടുംബകോടതി ഇത് നിരസിക്കുകയായിരുന്നു. തന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ ഭാര്യ തയ്യാറായിരുന്നില്ല, അതുകൊണ്ട് മാറിതാമസിക്കേണ്ടി വന്നു. എന്നിട്ടും പ്രശ്നങ്ങൾ അവിടെ അവസാനിച്ചില്ലെന്നുമാണ് ഭർത്താവിന്റെ ആരോപണം. എന്നാൽ ഭർതൃവീട്ടുകാരെ തൃപ്തിപ്പെടുത്താൻ വേണ്ടുവോളം ശ്രമിച്ചുവെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീ‍ഡിപ്പിക്കുകയായിരുന്നുവെന്നാണ് ഭാര്യയുടെ പ്രതികരണം.

Share
Leave a Comment