ന്യൂഡൽഹി: കേരളാ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കേരള പ്രഭാരി പ്രകാശ് ജവേദ്ക്കാറിൽ നിന്നാണ് പദ്മജ അംഗത്വം സ്വീകരിച്ചത്. ജവേദ്ക്കാറുമായി ഇന്ന് പദ്മജ ചർച്ച നടത്തിയിരുന്നു. ചർച്ചയ്‌ക്ക് പിന്നാലെയാണ് പദ്മജ ബിജെപി ആസ്ഥാനത്തെത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായും പദ്മജ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി, രാഷ്‌ട്രീയകാര്യ സമിതി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവ് എന്നീ ചുമതലകളിൽ പദ്മജ പ്രവർത്തിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിലും പദ്മജ കോൺഗ്രസിനെ പ്രതിനിധീകരിച്ച് തൃശൂരിൽ നിന്ന് മത്സരിച്ചിരുന്നു.
പദ്മജയുടെ മാറ്റം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരച്ചടിയാണ്. ലോക്സാഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബിജെപിയിൽ അംഗത്വം സ്വീകരിക്കാനുള്ള പദ്മജയുടെ തീരുമാനം കോൺഗ്രസിനേറ്റ കടുത്ത ആഘാതമായി തുടരും. നിലവിൽ ദേശീയ തലത്തിൽ കോൺഗ്രസിൽ തുടരുന്ന കൊഴിഞ്ഞുപോക്ക് പദ്മജയുടെ രാജിയോടെ കേരളത്തിലും ശക്തിപ്രാപിക്കുകയാണ്.
മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകനും ദേശീയ നേതാവുമായിരുന്ന അനിൽ ആന്റണിയുടെ രാജിയും കോൺഗ്രസിനെ വലിയ തോതിൽ ബാധിച്ചിരുന്നു. മുതിർന്ന നേതാക്കളും പിൻമുറക്കാരുമടക്കം വിട്ടുപോകുമ്പോൾ കോൺഗ്രസ് കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. ഈ പ്രതിസന്ധിയെ തടയാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളില്ലാതെ കോൺഗ്രസ് സ്വയം ശോഷിക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
വളർന്നുവരുന്ന നേതാക്കൾക്ക് നേരെയുണ്ടാകുന്ന അവഗണനയും ദേശീയതയോട് കോൺഗ്രസ് തുടരുന്ന എതിർപ്പുമാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. തിരഞ്ഞെടുപ്പുകളിലെ കടുത്ത തോൽവിയും അഴിമതിയോടും രാജ്യവിരുദ്ധ നിലപാടുകളോടും കോൺഗ്രസ് തുടരുന്ന മൃദുസമീപനവും ഇതിന് ആക്കം വർദ്ധിപ്പിക്കുന്നുണ്ട്.