മാർക്കോ എന്ന ഉണ്ണിമുകുന്ദന്റെ കരുത്തുറ്റ കഥാപാത്രത്തെ തിയേറ്ററുകളിൽ കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിൽ മാർക്കോ ജൂനിയർ എന്ന വില്ലൻ കഥാപാത്രത്തെ ഉണ്ണി അവതരിപ്പിച്ചത് പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. മിഖായേലിലെ ആ വില്ലൻ കഥാപാത്രത്തെ നായകനായി പ്രേക്ഷരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹനീഫ് അദേനിയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും. മാർക്കോ സിനിമയുടെ പുതിയ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ അടുത്തിടെയാണ് അണിയപ്രവർത്തകർ പങ്കുവച്ചത്. പോസ്റ്റർ ജനങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ഉണ്ണിമുകുന്ദനും.
1 കോടി ജനങ്ങൾ കണ്ട സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഉണ്ണിമുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് ഫിൽട്ടറിലുള്ള താരത്തിന്റെ പുതിയ ഫോട്ടോയും ആരാധകർക്കായി ഉണ്ണി പങ്കുവച്ചിട്ടുണ്ട്. ‘ പ്രിപ്പയറിംഗ് ഫോർ നെക്‌സറ്റ് കട്ട്’, കട്ടിംഗ് സൂൺ’, എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രവും പോസ്റ്ററും നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഈ വർഷം തന്നെ സിനിമ പുറത്തിറങ്ങും.
കെജിഎഫ്, സലാർ എന്നീ സിനിമകൾക്കായി സംഗീതം ഒരുക്കിയ രവി ബസ്രൂരാണ് മാർക്കോയ്‌ക്കും സംഗീതം ഒരുക്കുന്നതെന്നുള്ള വിവരം അടുത്തിടെ അണിയപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദാഫ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെപ്പറ്റിയും അഭിനേതാക്കളെപ്പറ്റിയുമുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.