തിരുവനന്തപുരം: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. ആമച്ചൽ സ്വദേശി ശരത്, പാറശാല സ്വദേശി വിപിൻ, പേരക്കോണം സ്വദേശികളായ വിഷ്ണു, ശ്രീരാഗ്, അജി എന്നിവരാണ് പിടിയിലായത്. ഇന്ന് വൈകിട്ട് നാല് മണിയോടെ ഇവരെ എക്സൈസ് സംഘം വിഴിഞ്ഞം- കാഞ്ഞിരകുളം ബൈപ്പാസിൽ വച്ച് പിടികൂടുകയായിരുന്നു.
വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തു. തമിഴ്നാട്ടിൽ നിന്നും മയക്കുമരുന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതാണ് യുവാക്കളുടെ പ്രധാന പരിപാടി. ഇവരിൽ നിന്നും 4 കിലോ കഞ്ചാവ് പിടികൂടിയതായും കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.