ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. രാഹുൽ ഗാന്ധി കടുത്ത വിഷാദ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്നാണ് ഈ വാക്കുകൾ തെളിയിക്കുന്നതെന്നും, സ്വന്തം രാഷട്രീയഭാവി ഓർത്താണ് രാഹുലിന് ഇത്തരത്തിൽ ആശങ്ക ഉണ്ടായതെന്നും കിഷൻ റെഡ്ഡി പരിഹസിച്ചു. ഡൽഹിയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” രാഹുൽ എന്താണ് സംസാരിക്കുന്നതെന്ന് ചില സമയങ്ങളിൽ അയാൾക്ക് പോലും മനസിലാകാറില്ല. അദ്ദേഹം കടുത്ത വിഷാദ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. രാഷ്‌ട്രീയത്തിൽ ഇനിയൊരു ഭാവി ഉണ്ടാകില്ലെന്നത് രാഹുലിനെ തളർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിഷാദാവസ്ഥയിൽ തനിക്ക് പോലും മനസിലാകാത്ത രീതിയിൽ അദ്ദേഹം ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നതിന് മുൻപ് രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അവഗണന നേരിടുന്ന അവസ്ഥയിലായിരുന്നു. എന്നാലിന്ന് അവിടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും, നിക്ഷേപങ്ങൾ എത്തിക്കാൻ ശ്രമിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ചെറിയ സംസ്ഥാനങ്ങൾ ആയത് കൊണ്ട് തന്നെ അവിടെ വലിയ പരിപാടികൾ നടത്തുന്നത് സാമ്പത്തികമായ പരിമിതികൾ വരാറുണ്ട്. എന്നാൽ കേന്ദ്രം നിക്ഷേപകർക്കും സംസ്ഥാനങ്ങൾക്കും ഇടയിൽ പ്രവർത്തിച്ചു കൊണ്ട് ഈ പരിമിതികളെ മറികടക്കാൻ സഹായിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് നിക്ഷേപകർക്കും ഏറെ പ്രയോജനകരമായ ഘടകമാണ്. സ്ഥിരതയുള്ള സർക്കാർ വരാത്തത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു പ്രശ്‌നമായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളും ഇവിടെ ഉണ്ടായിരുന്നു, കേന്ദ്രസർക്കാർ പദ്ധതികളും ശരിയായി നടപ്പായിരുന്നില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഈ സംസ്ഥാനങ്ങളിൽ നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം വന്നു. കണക്ടിവിറ്റി ഏറ്റവും മികച്ച നിലയിലാണ് ഇന്നുള്ളത്. റോഡ്, റെയിൽ കണക്ടിവിറ്റിയിലും വികസനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 2047ഓടെ വികസിത രാഷ്‌ട്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്തിന്റെ ഓരോ കോണും വികസിതമാകണമെന്നതാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും” കിഷൻ റെഡ്ഡി വ്യക്തമാക്കി.















