ന്യൂഡൽഹി: തെലുങ്ക് ദേശം പാർട്ടി എൻഡിഎയിൽ മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഡൽഹിയിലെത്തി ബിജെപി നേതാക്കളെ കണ്ട് പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു. ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ നായിഡു സന്ദർശിച്ചു. മുന്നണി പ്രവേശനം സംബന്ധിച്ച് നേതാക്കൾ തമ്മിൽ ചർച്ചയായതായാണ് ലഭിക്കുന്ന വിവരം.
ആന്ധ്രയിൽ എൻഡിഎയിലെ സഖ്യകക്ഷിയായ പവൻ കല്ല്യാണിന്റെ ജനസേന ടിഡിപിയുമായി നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ച് മത്സരിക്കുന്നതിനെ സംബന്ധിച്ച് പവൻ കല്ല്യാൺ സൂചനയും നൽകി. ഇതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ഡൽഹിയിലെത്തി ബിജെപി നേതാക്കളെ കണ്ടിരിക്കുന്നത്. ഉടൻ തന്നെ മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എൻഡിഎയുടെ ഭാഗമായിരുന്ന ടിഡിപി 2018 ലാണ് മുന്നണി വിടുന്നത്. പിന്നാലെ വിശാല സഖ്യത്തിന്റെ ഭാഗമായി. കോൺഗ്രസ്, സിപിഐ, ടിജെഎസ് എന്നീ പാർട്ടികളെ ഒപ്പം കൂട്ടി പ്രജാ കൂട്ടമി എന്ന പ്രാദേശിക സഖ്യവും രൂപീകരിച്ചു. എന്നാൽ തുടർച്ചയായ തിരിച്ചടികൾക്ക് പിന്നാലെ പ്രതിപക്ഷ മുന്നണിയിൽ നിന്നും അകലുകയായിരുന്നു.
2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ടിഡിപിക്ക് 25 ൽ മൂന്ന് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ ഒറ്റയ്‌ക്ക് മത്സരിച്ച ജനസേനയ്‌ക്കും നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ എൻഡിഎ ആന്ധ്രയിൽ പുന:സംഘടിപ്പിക്കപ്പെടുന്നതോടെ സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.















