തിരുവനന്തപുരം: അപമാനം സഹിച്ചാണ് കോൺഗ്രസിൽ തുടർന്നു പോയിരുന്നതെന്ന് പദ്മജാ വേണുഗോപാൽ. കോൺഗ്രസ് പാർട്ടി വിടാനുള്ള പ്രധാന കാരണം കെ. മുരളീധരൻ തന്നെയാണെന്നും പദ്മജ പറഞ്ഞു. അസുഖ ബാധിതയായിരുന്ന സമയങ്ങളിൽ രോഗ വിവരങ്ങൾ കെ. മുരളീധരനായി പങ്കുവച്ചിട്ടുണ്ടെങ്കിലും പാർട്ടിയിൽ സജീവമാകുന്നില്ലെന്ന കുറ്റപ്പെടുത്തലുകൾ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും പദ്മജ വ്യക്തമാക്കി. ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും അംഗത്വം എടുത്ത് തിരച്ചെത്തിയ ശേഷം ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു പദ്മജാ വേണുഗോപാൽ.
” കോൺഗ്രസിൽ സജീവമായി പ്രവർത്തിക്കുന്ന സമയത്താണ് രോഗങ്ങൾ വന്നത്. അത് എന്നെ ശാരീരികമായി ഒരുപാട് തളർത്തിയിരുന്നു. രോഗ വിവരങ്ങൾ ചേട്ടനുമായി പങ്കുവച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും മുരളി ചേട്ടന് അറിയാം. എന്നിട്ടും അദ്ദേഹം ഞാൻ രാഷ്‌ട്രീയത്തിൽ വർക്ക് ഫ്രം ഹോമായാണ് പ്രവർത്തിക്കുന്നതെന്ന് പരിഹസിച്ചു. സഹോദരി എന്ന ബന്ധം അവസാനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എൻസിപിയിലും മറ്റും പോയപ്പോഴും ഞാൻ അദ്ദേഹത്തെ സ്വന്തം ചേട്ടനായിട്ടു തന്നെയാണ് കണ്ടിരുന്നത്. എന്നോട് പാർട്ടി വിട്ടോളൂവെന്ന് ഉപദേശിച്ചതും ചേട്ടൻ തന്നെയാണ്. അദ്ദേഹം ഇങ്ങനെയൊന്നും പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ മനസില്ലാ മനസോടെയെങ്കിലും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമായിരുന്നു. എന്നാൽ ഇനി എനിക്കതിന് സാധിക്കില്ല”.- പദ്മജാ വേണു ഗോപാൽ വ്യക്തമാക്കി.
കോൺഗ്രസിനെ കൈപിടിച്ച് ഉയർത്തിയത് അച്ഛൻ കരുണാകരനാണ്. അദ്ദേഹം എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടപ്പെട്ട മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ ഭക്തിയും വിശ്വാസവും മറ്റു മതക്കാരെ അലോസരപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇന്ന് ചില വിശ്വാസങ്ങൾ മാത്രം അരോചകത്തോടെയാണ് സമൂഹം നോക്കി കാണുന്നതെന്ന് പദ്മജ പറഞ്ഞു. ചന്ദനക്കുറി തൊടാൻ ഇഷ്ടമുള്ള വ്യക്തിയാണ് താനെന്നും എന്നാൽ സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് കാരണം പേടിച്ച് താൻ ചന്ദനക്കുറി തൊടുന്നത് ഒഴിവാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.
”ചന്ദനക്കുറി തൊട്ടാൽ പാർട്ടിയിലുള്ളവർ പോലും മുഖത്തേക്ക് തുറിച്ച് നോക്കുമായിരുന്നു. അപ്പോൾ ഇത് തുടച്ചു കളയേണ്ട അവസ്ഥ വന്നിട്ടുണ്ട്. എന്നാൽ ഇനി എല്ലാ വിഭാഗത്തിനൊപ്പവും ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്നുള്ള വിശ്വാസം എനിക്കുണ്ട്. എന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് മറ്റു വിഭാഗക്കാർക്കും വേണ്ടി ബിജെപിക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ സാധിക്കും.”- പദ്മജ പറഞ്ഞു.
അടുത്ത് കാലത്ത് വാരാണസിയിൽ പോയിട്ടുണ്ടായിരുന്നു. അവിടെ ന്യൂനപക്ഷ വിഭാഗക്കാരാണ് കൂടുതലായി ബിജെപിയ്‌ക്കൊപ്പം നിന്നിരുന്നത്. ബ്രാഹ്‌മണരും മുസ്ലീമുകളും പരസ്പരം ഒത്തുചേർന്നാണ് അവിടെ പ്രവർത്തിക്കുന്നത്. അവർക്കവിടെ ശക്തനായ ഒരു നേതാവുണ്ടെന്നുള്ളതാണ് ഇതിന് കാരണമെന്നും പദ്മജ പറഞ്ഞു.















