ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപി അംഗത്വം സ്വീകരിച്ചു. മുഖ്യമന്ത്രി മോഹൻ യാദവ്, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന അദ്ധ്യക്ഷൻ വിഡി ശർമ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. മുൻ എംഎൽഎ സഞ്ജയ് ശുക്ലയും ബിജെപിയിൽ ചേർന്നു.
ഒരു കാലത്ത് മധ്യപ്രദേശ് കോൺഗ്രസിനെ നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു സുരേഷ് പച്ചൗരി. പാർട്ടിയിൽ ഒതുക്കപ്പെടുന്നുവെന്നുള്ള പരാതി ഏറെ നാളായി അദ്ദേഹം ഉന്നയിച്ചിരുന്നു. സംസ്ഥാന തലത്തിന് പുറമേ കേന്ദ്രതലത്തിൽ പുനഃസംഘടനകളൊക്കെ നടന്ന സമയത്തും പച്ചൗരി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പരിഗണിക്കപ്പെട്ടില്ല. തരം താഴ്‌ത്തിയതിന്റെ വിഷമത്തിലാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു പച്ചൗരി.















