ന്യൂഡൽഹി: ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സിനും 64 റൺസിനും ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ. നാലാം വിജയത്തോടെ പരമ്പര 4-1ന് സ്വന്തമാക്കാനും ഇന്ത്യക്കായി. 100-ാം ടെസ്റ്റിൽ അത്യുഗ്രൻ പ്രകടനം പുറത്തെടുത്ത അശ്വിനാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ നാലുവിക്കറ്റ് നേടിയ അശ്വിൻ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളാണ് പിഴുതത്. ഇന്ത്യ മുന്നിൽ വച്ച 259 റൺസ് ലീഡിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടക്കം മുതലെ പാളിയിരുന്നു. 84 റൺസെടുത്ത റൂട്ട് മാത്രമാണ് അല്പമെങ്കിലും പൊരുതാൻ നോക്കിയത്. എന്നാൽ പത്താമനായി റൂട്ടിനെ തന്നെ പുറത്താക്കി ജഡേജ ഇന്ത്യക്ക് അർഹിച്ച ജയം സമ്മാനിക്കുകയായിരുന്നു. ജോണി ബെയർസ്റ്റോയാണ് (39) മറ്റൊരു ടോപ് സ്കോറർ.
ഇംഗ്ലണ്ട് നിരയിൽ അഞ്ചുപേർ രണ്ടക്കം കണ്ടില്ല. കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടുവീതം വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജഡേജയ്‌ക്കാണ് ശേഷിച്ച വിക്കറ്റ്. 5ന് 103 എന്ന നിലയിൽ കൂപ്പുക്കുത്തിയ ബാസ്ബോൾ ടീമിനെ റൂട്ടും ബെയർസ്റ്റോ സഖ്യമാണ് വമ്പൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ ബെയർസ്റ്റോ പുറത്താക്കി കുൽദീപ് വീണ്ടും ഇംഗ്ലണ്ടിനെ പരുങ്ങലിലാക്കി. എന്നാൽ ഇന്ത്യയുടെ വിജയം അൽപ്പംകൂടി ദീർഘിപ്പിച്ചത്. ബഷീർ-റൂട്ട് പാർടണർഷിപ്പായിരുന്നു. ഇരുവരും ചേർന്ന് ഒമ്പതാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്തു.