ന്യൂഡൽഹി: യൂറോപ്യൻ രാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിക്ടൺസ്റ്റീൻ, നോർവേ, സ്വിറ്റ്സർലാൻഡ് എന്നിവരടങ്ങിയ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയനുമായി (EFTA) സ്വതന്ത്ര വ്യാപാര കരാറിലേർപ്പെട്ടിരിക്കുകയാണ് ഇന്ത്യ. ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്നർഷിപ്പ് എഗ്രിമെന്റ് (TEPA) അഥവാ വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറിലാണ് അഞ്ച് രാജ്യങ്ങളിലെ പ്രതിനിധികളും തമ്മിൽ ഒപ്പുവച്ചത്. യൂറോപ്യൻ മേഖലയിലേക്കും തിരിച്ചും വ്യാപാരനിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് വൻ ചുവടുവയ്പ്പാകുന്ന കരാർ ഇന്ത്യയിൽ അനവധി പരിഷ്കാരങ്ങൾക്കും പുരോഗതിക്കും സാമ്പത്തിക മാറ്റങ്ങൾക്കും കാരണമാകും. വിവിധ സ്വിസ് ഉത്പന്നങ്ങളുടെ നിരക്കിലും ലഭ്യതയിലും വലിയ വ്യത്യാസമാണ് ഇന്ത്യൻ വിപണി അഭിമുഖീകരിക്കുക.
ഉയർന്ന ഗുണമേന്മയുള്ള നിരവധി സ്വിസ് ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി TEPA കരാർ പ്രകാരം ഇന്ത്യ കുറച്ചിട്ടുണ്ട്. ഇതിൽ സ്വിസ് വാച്ചുകൾ, ചോക്ലേറ്റുകൾ, ബിസ്കറ്റുകൾ, ക്ലോക്കുകൾ എന്നിവ ഉൾപ്പെടുന്നു. ആഭ്യന്തര ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുന്നതിനൊപ്പം പ്രീമിയം സ്വീസ് ഉത്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുകയും ചെയ്യും.
അഞ്ച് രാജ്യങ്ങൾക്കിടയിലുള്ള കരാറായതിനാൽ ഇത് പ്രാബല്യത്തിൽ വരാനുള്ള നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കും. സങ്കീർണ്ണമായ പ്രിക്രിയകൾ ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിവർത്തന കാലമായിരിക്കും പിന്നീടുണ്ടാകുന്നത്. വരുന്ന ഏഴ്-എട്ട് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായിട്ടാകും സ്വിസ് ഉത്പന്നങ്ങളുടെ താരിഫിൽ മാറ്റം വരിക.
സ്വിസ് പഴങ്ങൾ, കോഫി കാപ്സ്യൂളുകൾ, ഓയിൽ, മധുരങ്ങൾ, പ്രൊസസ്ഡ് ഫുഡ്, സ്മാർട്ട്ഫോൺ, ബൈസിക്കിൾ പാർട്സ്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലോക്ക്, വാച്ചുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ, ഇരുമ്പ്-സ്റ്റീൽ ഉത്പന്നങ്ങൾ, തുടങ്ങിയവയ്‌ക്ക് വില കുറയും. കട്ട് ചെയ്ത, പോളിഷ് ചെയ്ത വജ്രങ്ങളുടെ താരിഫ് 2.5 ശതമാനമായി കുറയും. ഇതും ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക.
5 ഡോളർ മുതൽ 15 ഡോളർ വരെ വിലമതിപ്പുള്ള വൈനുകൾക്ക് ആദ്യ വർഷം 100-150 ശതമാനം വരെ ഡ്യൂട്ടി കുറയും. പത്ത് വർഷം കൊണ്ട് 50 ശതമാനമായി ഡ്യൂട്ടി എത്തും. 15 ഡോളറിന് മുകളിൽ വിലയുള്ള വൈനുകൾക്ക് ആദ്യം 150 ശതമാനവും പിന്നീട് 75, 25 എന്നിങ്ങനെ ഡ്യൂട്ടിയിൽ ഇളവ് വരും.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് സ്വിറ്റ്‌സർലാൻഡ്. ഉഭയകക്ഷി വ്യാപാരത്തിൽ നിർണായക പങ്ക് വഹിക്കുന്ന രാജ്യമാണിത്. 2022-23ൽ സ്വിറ്റ്‌സർലാൻഡുമായുള്ള വ്യാപാരക്കമ്മി 14.45 ബില്യൺ ഡോളറായിരുന്നു. സ്വർണം, യന്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കൽക്കരി, ഒപ്റ്റിക്കൽ ഉപകരണങ്ങൾ, വാച്ചുകൾ, സോയാബീൻ ഓയിൽ, ചോക്ലേറ്റുകൾ എന്നിവയാണ് സ്വിറ്റ്സർലാൻഡിൽ നിന്നുള്ള പ്രധാന ഇറക്കുമതികൾ.















