ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനം എന്നും ജനങ്ങളുടെ മനസിലാണെന്ന പ്രശംസയുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലോകത്ത് ഇന്ത്യയുടെ സ്വാധീനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും, വികസിത് ഭാരത് എന്നത് അർത്ഥമാക്കുന്നത് ഇതാണെന്നും എസ്.ജയശങ്കർ ചൂണ്ടിക്കാട്ടി. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിയ വികസിത് ഭാരത് അംബാസഡർ ആർട്ടിസ്റ്റ് വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കല എന്ന മാദ്ധ്യമത്തിലൂടെ വികസിത് ഭാരതിന്റെ വിവിധ ആവിഷ്‌കാരങ്ങൾ ഇന്ന് ഇവിടെ കാണാൻ സാധിക്കുന്നു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. മോദി കി ഗ്യാരണ്ടി എന്നത് രാജ്യം അംഗീകരിക്കുന്നവെന്ന സന്ദേശമാണ് ഇതിലൂടെ ഊട്ടി ഉറപ്പിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും ഇന്ത്യയുടെ വൈവിധ്യം അനുഭവിക്കാൻ അവസരമുണ്ടാകണം. ജി 20 നടത്തിയതും ഇതേ ലക്ഷ്യം വച്ചാണ്.
രാജ്യതലസ്ഥാനത്ത് മാത്രമായി ജി20 പരിമിതപ്പെടുത്തരുത് എന്ന് കരുതിയിരുന്നു. രാജ്യത്തെ പ്രധാന ഇടങ്ങളെല്ലാം ജി20ക്ക് വേദിയായി. ലോകത്ത് ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നു എന്നതാണ് വിക്ഷിത് ഭാരത് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ രാജ്യത്തെക്കുറിച്ച് എല്ലാവരും അറിയേണ്ടത് പ്രധാനമാണ്. ചന്ദ്രയാനെ ഉൾപ്പെടുത്തിയുള്ള കലകളും ഇവിടെ കാണാൻ സാധിച്ചു. പ്രധാനമന്ത്രിയും ചന്ദ്രയാനുമെല്ലാം ജനങ്ങളുടെ മനസിൽ അത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വികസിത് ഭാരതിന് പല വശങ്ങളുണ്ട്. വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് നമ്മൾ. ഇപ്പോൾ അഞ്ചാം സ്ഥാനത്താണെങ്കിലും വൈകാതെ തന്നെ ഇന്ത്യയുടെ സ്ഥാനം മൂന്നിലേക്ക് ഉയരും. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷന്റെ ഭാഗമായ ഐസ്ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ പങ്കാളിത്ത സഹകരണത്തോടെ പ്രവർത്തിക്കാനൊരുങ്ങുകയാണ്. പിയൂഷ് ഗോയലിനെ ഈ സമയം അഭിനന്ദിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണിത്. അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്ന നടപടിയാണിതെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.















